'ലവ് ജിഹാദ്' ഇരകളായ സ്ത്രീകളെന്ന് അവകാശപ്പെട്ട് 37ഓളം സ്ത്രീകളെ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുപ്പിച്ച് വിദ്വേഷ സിനിമയായ 'കേരള സ്റ്റോറി 2'ന്റെ അണിയറക്കാർ. കേരളത്തിൽ വ്യാപകമായി 'ലവ് ജിഹാദ്' നടക്കുന്നുവെന്ന് ആരോപിക്കുന്ന സിനിമയുടെ അണിയറക്കാർ, പക്ഷേ വേദിയിൽ കൊണ്ടുവന്നതൊക്കെയും ഉത്തരേന്ത്യൻ സ്ത്രീകളെ. കേരളത്തിൽ നിന്ന് ആരംഭിച്ച 'ലവ് ജിഹാജ്' രാജ്യവ്യാപകമായെന്നും അതാണ് സിനിമയുടെ പ്രമേയമെന്നുമാണ് അണിയറക്കാർ ഇതിന് വിശദീകരണം നൽകിയത്.
കേരള സ്റ്റോറി 2 സംവിധായകൻ കാമാഖ്യ നാരായൺ സിങ്, നിർമാതാവ് വിപുൽ അമൃത്ലാൽ ഷാ തുടങ്ങിയവരാണ് ഡൽഹിയിൽ നടന്ന പ്രമോഷൻ പരിപാടിയിൽ പങ്കെടുത്തത്. ഒപ്പം, 'ലവ് ജിഹാദി'ൻ്റെ ഇരകളെന്ന പേരിൽ 37 സ്ത്രീകളെയും വേദിയിലെത്തിച്ചു. എല്ലാം ഉത്തരേന്ത്യക്കാരായ സ്ത്രീകളായിരുന്നു. പേരിനു പോലും കേരളത്തിൽ നിന്ന് ഒരാളില്ല.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അണിയറക്കാർ വിസമ്മതിച്ചെങ്കിലും പിന്നീട് പ്രതികരിച്ചു. കേരളത്തിൽ നിന്ന് ആരംഭിച്ച 'ലവ് ജിഹാദ്' രാജ്യമാകെ പടർന്നതാണ് സിനിമയുടെ പ്രമേയമെന്നാണ് സംവിധായകൻ കാമാഖ്യ നാരായൺ സിങ് പറഞ്ഞത്.
കേരളത്തിൽ നിന്നുള്ള ഇരകളുടെ വിഡിയോ യൂട്യൂബിലുണ്ടെന്നാണ് നിർമാതാവിന്റെറെ മറുപടി. കേരളത്തിൽ 'ലവ് ജിഹാദ്' ഇല്ലെന്ന് സുപ്രിംകോടതിയിൽ കേന്ദ്ര സർക്കാർ നിലപാട് പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോൾ കൂടുതൽ ചോദ്യങ്ങൾ ഉയർന്ന് ഉത്തരംമുട്ടിയതോടെ അണിയറക്കാർ ഉടൻ വേദി വിടുകയായിരുന്നു.