സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ 57,130 കുട്ടികള്‍ക്ക് ആധാർ കാർഡില്ല. ഇതില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ആധാർ എടുക്കാനുള്ളത് മലപ്പുറം ജില്ലയിലാണ്.
ഇവിടെ 15,472 പേരാണ് ഇനിയും ആധാർ എടുക്കാൻ ബാക്കിയുള്ളത്.
കുട്ടികള്‍ക്ക് സ്കൂളുകള്‍ വഴി നേരിട്ട് ആധാർ എടുക്കാനും ബയോമെട്രിക് വിവരങ്ങള്‍ പുതുക്കാനുമുള്ള (മാൻഡേറ്ററി ബയോമെട്രിക് അപ്ഡേറ്റ്) സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇതിനായി അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ സ്കൂളുകളില്‍ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിച്ചു വരുന്നുമുണ്ട്. ഇതിനിടയിലാണ് ഇത്രയും കുട്ടികള്‍ക്ക് ഇനിയും ആധാർ ഇല്ലെന്ന വിവരവും പുറത്തുവരുന്നത്. ജനന സർട്ടിഫിക്കറ്റ് പോലുള്ള രേഖകളിലെ പിശകുകളോ ലഭ്യതക്കുറവോ എൻറോള്‍മെന്റിന് തടസമാകുന്നെന്നാണ് ലഭ്യമാകുന്ന വിവരം. അഞ്ച് വയസിലും പതിനഞ്ച് വയസിലും നിർബന്ധമായും ചെയ്യേണ്ട ബയോമെട്രിക് പുതുക്കല്‍ പലരും കൃത്യസമയത്ത് ചെയ്യാത്തത് ആധാർ അസാധുവാകാൻ കാരണമാകുന്നുമുണ്ട്.
സംസ്ഥാനത്തെ ഏകദേശം 91.61 ശതമാനം വിദ്യാർഥികള്‍ സ്കൂള്‍ പ്രവേശനത്തിനായി ആധാർ വിവരങ്ങള്‍ സമർപ്പിച്ചിട്ടുണ്ട്. 2025 അധ്യയന വർഷത്തിന്റെ ആറാം പ്രവൃത്തി ദിനത്തിലെ കണക്കനുസരിച്ച്, ഒന്നാം ക്ലാസില്‍ ചേർന്നവരില്‍ ഏകദേശം 20,000 കുട്ടികള്‍ക്ക് ആധാർ കാർഡ് ഉണ്ടായിരുന്നില്ല. മൊത്തം കണക്കെടുത്താല്‍ ഏകദേശം 80,000 വിദ്യാർഥികള്‍ ഇതുവരെ ആധാർ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് മുൻ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. സമർപ്പിക്കപ്പെട്ട വിവരങ്ങളില്‍ ഏകദേശം 3.41 ശതമാനം രേഖകള്‍ (പേര്, ലിംഗഭേദം തുടങ്ങിയവയിലെ തെറ്റുകള്‍ കാരണം) അസാധുവായി കണക്കാക്കപ്പെട്ടിട്ടുണ്ട്.
അതേസമയം, കുട്ടികളുടെ ആധാർ വിവരങ്ങള്‍ ചേർക്കാത്തതുമൂലം അധ്യാപക തസ്തികകള്‍ നഷ്ടമാകുന്ന സ്ഥിതിയുണ്ട്. സ്കൂളിലെ കുട്ടികളുടെ എണ്ണം കണക്കാക്കി അധ്യാപകരെ നിശ്ചയിക്കുന്ന (സ്റ്റാഫ് ഫിക്സേഷൻ) രീതിയിലാണ് ആധാർ നിർബന്ധമാക്കിയിരിക്കുന്നത്. ആധാർ ഇല്ലാത്ത കുട്ടികളെ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്താത്തത് കാരണം കഴിഞ്ഞ വർഷം മാത്രം ഏകദേശം 4,090 അധ്യാപക തസ്തികകള്‍ ഇല്ലാതായതായി റിപ്പോർട്ടുണ്ട്.സ്കൂള്‍ പ്രവേശനത്തിന് ആധാർ നിർബന്ധമല്ലെന്ന് സുപ്രിംകോടതി ഉത്തരവുണ്ടെങ്കിലും, കേരള വിദ്യാഭ്യാസ നിയമം (കെ.ഇ.ആർ) പ്രകാരം യു.ഐ.ഡി നിർബന്ധമാക്കുന്നത് എയ്ഡഡ് സ്കൂളുകള്‍ നിയമപരമായി ചോദ്യം ചെയ്യുന്നുണ്ട്. വ്യാജ പ്രവേശനം തടയാൻ ആധാർ വിവരങ്ങള്‍ ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്നാണ് കേരള ഹൈക്കോടതിയുടെ നിരീക്ഷണം. 5 വയസ്സിലും 15 വയസ്സിലും കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ നിർബന്ധമായും പുതുക്കേണ്ടതുണ്ട്.
നിർബന്ധിത ബയോമെട്രിക് പുതുക്കല്‍ പൂർത്തിയാക്കുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കാനും സേവനം എല്ലാവർക്കും ലഭ്യമാക്കാനും ലക്ഷ്യമിട്ട് 7 മുതല്‍ 15 വരെ പ്രായക്കാരായ കുട്ടികളുടെ ബയോമെട്രിക് പുതുക്കലിന്റെ ഫീസ് 2025 ഒക്ടോബർ 1 മുതല്‍ ഒരു വർഷത്തേക്ക് യു.ഐ.ഡി.എ.ഐ ഒഴിവാക്കിയിരുന്നു. കൂടാതെ 5 മുതല്‍ 7 വരെ വയസ്സിനും 15 മുതല്‍ 17 വരെ വയസ്സിനും ഇടയിലുള്ള കുട്ടികളുടെ ബയോമെട്രിക് പുതുക്കല്‍ നടപടികളും സൗജന്യമായി തുടരുന്നുണ്ട്.
ആധാർ ഇല്ലാത്ത കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം, യൂണിഫോം അലവൻസ് എന്നിവ നല്‍കുന്നില്ലെന്ന് നിയമസഭയില്‍ വ്യക്തമാക്കപ്പെട്ടിരുന്നു. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളെ പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം എന്നീ വിവരങ്ങള്‍ക്കൊപ്പം ഫോട്ടോയും ജനന സർട്ടിഫിക്കറ്റും നല്‍കിയാണ് ആധാറില്‍ ചേർക്കുന്നത്. ഇവരുടെ വിരലടയാളവും ഐറിസ് ബയോമെട്രിക്സും പൂർണവളർച്ചയാവാത്തതിനാല്‍ ശേഖരിക്കാറില്ല. അതിനാല്‍ 5 വയസ്സും 15 വയസ്സും പൂർത്തിയാകുമ്പോള്‍ നിർബന്ധിത ബയോമെട്രിക് പുതുക്കല്‍ പ്രക്രിയയിലൂടെ ആധാറില്‍ വിരലടയാളവും ഐറിസ് വിവരങ്ങളും നല്‍കുന്നത് അനിവാര്യമാണ്. ആധാറില്‍ ഈ വിവരങ്ങളുടെ അഭാവം വിവിധ സർക്കാർ പദ്ധതികള്‍ക്ക് കീഴിലെ ആനുകൂല്യങ്ങള്‍ക്ക് ആധികാരികത പരിശോധിക്കാനും നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.ടി തുടങ്ങിയ മത്സര പരീക്ഷകള്‍ക്കും സർവകലാശാലാ പരീക്ഷകള്‍ക്കും രജിസ്റ്റർ ചെയ്യാനും പ്രയാസം സൃഷ്ടിച്ചേക്കാം.