വാർദ്ധക്യ പെൻഷൻ മാനദണ്ഡങ്ങളിൽ നിന്ന് A/C വീട് ഒഴിവാക്കണം – മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം

വേങ്ങര: വയോജന സൗഹൃദ സംസ്ഥാനമായ കേരളത്തിൽ മുതിർന്ന പൗരന്മാർക്കായി സർക്കാർ നടപ്പിലാക്കിയ വിവിധ പുരോഗമനപരമായ പദ്ധതികളെ പ്രശംസിച്ചുകൊണ്ട്, നിലവിലെ വാർദ്ധക്യ പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ അടിയന്തിര പരിഷ്കാരം ആവശ്യപ്പെട്ട് വേങ്ങര ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹിം എ.കെ. മുഖ്യമന്ത്രിക്കും ധന മന്ത്രിക്കും സാമൂഹ്യനീതിവകുപ്പ് മന്ത്രിക്കും നിവേദനം നൽകി.

നിലവിലുള്ള അർഹതാ മാനദണ്ഡങ്ങളുടെ പേരിൽ നിരവധി അർഹരായ വയോജനങ്ങൾ പെൻഷനിൽ നിന്ന് പുറത്താക്കപ്പെടുന്നുവെന്നത് ഗുരുതരമായ സാമൂഹിക പ്രശ്നമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 2000 സ്ക്വയർ ഫീറ്റിൽ താഴെ വിസ്തീർണ്ണമുള്ള വീടും, ആഡംബര വാഹനങ്ങളോ മറ്റ് സ്ഥിര വരുമാന മാർഗങ്ങളോ ഇല്ലാത്തതുമായ 60 വയസ് കഴിഞ്ഞ വ്യക്തിയുടെ വീട്ടിൽ, മക്കളോ പേരക്കുട്ടികളോ അവരുടെ സ്വകാര്യ ആവശ്യത്തിനായി ഒരു മുറിയിൽ മാത്രം എയർകണ്ടീഷൻ സ്ഥാപിച്ചതിന്റെ പേരിൽ ആ വയോജനത്തിന്റെ പെൻഷൻ തടയുന്നത് നീതിയുക്തമല്ലെന്നും അവർ വ്യക്തമാക്കി.

വീടിന്റെ യഥാർത്ഥ സാമ്പത്തിക അവസ്ഥ കണക്കിലെടുക്കാതെ, വെറും A/C ഉള്ളതിന്റെ പേരിൽ പെൻഷൻ നിഷേധിക്കുന്ന തീരുമാനങ്ങളുടെ ന്യായം പൊതുസമൂഹത്തിന് ബോധ്യപ്പെടുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ അതിശക്തമായ ചൂടും പ്രതികൂല സാഹചര്യങ്ങളും അനുഭവിക്കുന്ന ഇന്നത്തെ കേരളത്തിൽ, മുതിർന്ന പൗരന്മാർക്ക് ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ ജീവിക്കാൻ പ്രോത്സാഹനം നൽകേണ്ടതിന് പകരം, ഇത്തരം മാനദണ്ഡങ്ങൾ അവർക്കു അധിക ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്.

അതിനാൽ, ഈ സർക്കാർ കാലാവധി അവസാനിക്കുന്നതിന് മുൻപ് വാർദ്ധക്യ പെൻഷൻ അർഹത നിർണയിക്കുന്ന മാനദണ്ഡങ്ങളിൽ നിന്ന് “എയർകണ്ടീഷൻ (A/C) ഉള്ള വീട്” എന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നിവേദനം സമർപ്പിച്ചതെന്ന് സബ്ന ഇബ്രാഹിം എ.കെ. അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}