വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം വെള്ളിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി

വേങ്ങര: പ്രസിദ്ധമായ അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഫെബ്രുവരി 13 വെള്ളിയാഴ്ച ആഘോഷിക്കും. പുലർച്ചെ 4:30-ന് പുതിയകുന്നത്തെ തറവാട്ടിൽ നിന്ന് തിടമ്പ് എഴുന്നള്ളിക്കുന്നതോടെ ഉത്സവ ചടങ്ങുകൾക്ക് തുടക്കമാകും. ഗണപതി ഹോമം, ഗുരുസിക്കുടം, പട്ടുചാർത്തൽ തുടങ്ങിയ പ്രത്യേക പൂജകൾക്ക് പുറമെ, രാവിലെ 8 മണി മുതൽ തായമ്പക, ചാക്യാർകൂത്ത്, ഭക്തിഗാനമേള തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും. ക്ഷേത്ര മാതൃസമിതിയുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ പതിനായിരത്തോളം പേർക്ക് അന്നദാനവും കുടിവെള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
വൈകുന്നേരം 4 മണിയോടെ അവകാശ കാളകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടെ ഉത്സവത്തിന്റെ പ്രധാന ആകർഷണമായ കാളവരവുകൾക്ക് തുടക്കമാകും. 

ഇത്തവണ 24 ഇണക്കാളകളാണ് ഉത്സവത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. വെളിച്ചപ്പാടുകളുടെ സാന്നിധ്യത്തിൽ നടക്കുന്ന അരിതാലപ്പൊലി, മഞ്ഞതാലപ്പൊലി ചടങ്ങുകളും വാൽക്കണ്ണാടി എഴുന്നള്ളിപ്പും ഉത്സവത്തിന് മാറ്റുകൂട്ടും. അമിത ശബ്ദമുണ്ടാക്കുന്ന ഡിജെ പാർട്ടികൾക്ക് ക്ഷേത്രത്തിനകത്ത് പ്രവേശനം അനുവദിക്കില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ശനിയാഴ്ച നടയടച്ച ശേഷം ഏഴാം ദിവസം ശുദ്ധികലശത്തോടെയും ഏഴാം പൂജയോടെയും നട വീണ്ടും തുറക്കും. ട്രസ്റ്റി പുതിയക്കുന്നത്ത് ഗോവിന്ദൻകുട്ടി പണിക്കർ, പ്രസിഡന്റ് മുരളി ചെറുകുറ്റിപ്പുറം മണി നീലാഞ്ചേരി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}