തിരൂരങ്ങാടി: പരപ്പനങ്ങാടി - അരീക്കോട് റോഡിൽ എം.കെ.എച്ച് ഹോസ്പിറ്റലിന് മുന്നിലെ വാട്ടർ അതോറിറ്റി പൈപ്പ് ലൈനിലെ ചോർച്ച അധികൃതർ പരിഹരിച്ചു. മാസങ്ങളായി ശുദ്ധജലം പാഴായിക്കൊണ്ടിരുന്നിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ അനാസ്ഥയെക്കുറിച്ച് 'സിറാജ്' നൽകിയ വാർത്തയെത്തുടർന്നാണ് അടിയന്തര ഇടപെടലുണ്ടായത്.
പ്രദേശവാസികൾ ശുദ്ധജലത്തിനായി നെട്ടോട്ടമോടുമ്പോഴാണ് മാസങ്ങളായി പൊതുവഴിയിൽ വെള്ളം പാഴായിക്കൊണ്ടിരുന്നത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ കേരള ഡെവലപ്‌മെന്റ് ഫോറം സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് പള്ളിപ്പടി, ഷൈനി പട്ടാളത്തിൽ, സെലീന തടത്തിൽ എന്നിവർ വാട്ടർ അതോറിറ്റിക്ക് പരാതി നൽകി. തുടർന്നാണ് വാട്ടർ അതോറിറ്റി ജീവനക്കാരെത്തി പൈപ്പ് ലൈനിലെ ലീക്കേജ് അടച്ച് പ്രശ്നം പരിഹരിച്ചത്.
മാസങ്ങളായുള്ള ദുരിതത്തിന് പരിഹാരമായതോടെ പ്രദേശവാസികളും യാത്രക്കാരും ആശ്വാസത്തിലാണ്.