വേങ്ങര: കുടുംബശ്രീ ജില്ലാ മിഷൻ മലപ്പുറത്തിന്റെയും വേങ്ങര സി.ഡി.എസിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയോജന സംഗമവും ഇഫ്താർ വിരുന്നും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ‘മധുരം 2K26’ എന്ന പേരിൽ വേങ്ങര സായംപ്രഭാ ഹോമിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
വാർധക്യകാലത്തെ ഒറ്റപ്പെടലുകൾ മാറ്റിനിർത്തി വയോജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സംഗമം ഒരുക്കിയത്. പരിപാടിയുടെ ഭാഗമായി വയോജനങ്ങളുടെ വിവിധ കലാപരിപാടികളും അനുഭവങ്ങൾ പങ്കുവെക്കലും അരങ്ങേറി. പഴയകാല സ്മരണകളും പാട്ടുകളുമായി വയോജനങ്ങൾ സംഗമം ആഘോഷമാക്കി മാറ്റി. തുടർന്ന് വിപുലമായ ഇഫ്താർ വിരുന്നും നടന്നു.
വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സജ്‌ന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
അസിസ്റ്റന്റ് സെക്രട്ടറി ലിഷ, വൈസ് ചെയർപേഴ്സൺ ഗീത കരങ്ങാടൻ, ബ്ലോക്ക് കോർഡിനേറ്റർ അബ്ദുൽ ഖയ്യും തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രദേശത്തെ നിരവധി വയോജനങ്ങൾ പങ്കെടുത്ത പരിപാടി മികച്ച സംഘാടനം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.