ഇനി പരീക്ഷാപ്പേടി വേണ്ട; പഠനം ഉഷാറാക്കാൻ പറപ്പൂർ പഞ്ചായത്തിന്റെ 'സ്‌കോർ അപ്പ്'

പറപ്പൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ മികച്ച വിജയത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ പറപ്പൂർ ഗ്രാമപഞ്ചായത്ത് 'സ്‌കോർ അപ്പ്' വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടെ പരീക്ഷകളെ നേരിടാനും പഠനനിലവാരം മെച്ചപ്പെടുത്താനുമാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.കെ. അസ്‌ലു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പരീക്ഷാക്കാലത്തെ സമ്മർദ്ദം കുറയ്ക്കുന്നതിനും വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് നേടുന്നതിനും വിദഗ്ധരുടെ നേതൃത്വത്തിലുള്ള പരിശീലനം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭിക്കും. അന്താരാഷ്ട്ര ട്രെയിനർ ഡോ. തോമസ് പി. തോമസ് മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ നാസർ പറപ്പൂർ, ആബിദ തുമ്പത്ത്, മലബാർ സ്‌കൂൾ ചെയർമാൻ മജീദ് മണ്ണിശ്ശേരി, ഇസ്മായിൽ ഊർശ്ശമണ്ണിൽ, പഞ്ചായത്ത് മെമ്പർമാരായ അബ്ദുൽ ലത്തീഫ്, ജംഷീന, ജസീറ അനീസ്, ഹംസ പുന്നക്കൽ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}