വേങ്ങര: നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് പ്രവൃത്തിദിവസം മാത്രം. നെട്ടോട്ടത്തിൽ സ്ഥാനാർഥികൾ. കമീഷൻ നിശ്ചയിച്ച സമയക്രമ പ്രകാരം മാർച്ച് 23 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഈദുൽ ഫിത്വറും ഞായറാഴ്ചയുമായി രണ്ട് പൊതുഅവധി ദിനങ്ങളാണ് ഇതിനിടയിലുള്ളത്. ഫലത്തിൽ അവശേഷിക്കുന്നത് മൂന്ന് ദിവസം. പത്രിക സമർപ്പിക്കാൻ കൂടുതൽ സമയം ലഭിക്കാൻ ഞായറാഴ്ച പ്രവൃത്തി ദിവസമാക്കണമെങ്കിൽ കേന്ദ്ര തെരഞ്ഞെുപ്പ് കമീഷൻ തീരമാനിക്കണം. രാഷ്ട്രീയ പാർട്ടികൾ ആവശ്യം ഉന്നയിച്ചെങ്കിലും പരിഗണിച്ചിട്ടില്ല. ഇതാണ് സ്ഥാനാർഥികളെ കുഴപ്പിക്കുന്നത്.
കുറഞ്ഞ സമയത്തിനുള്ളിൽ പത്രികകൾ കുറ്റമറ്റ രീതിയിൽ തയാറാക്കാനും നിശ്ചിതസമയത്തിനകം വരണാധികാരിക്ക് സമർപ്പിക്കാനുമുള്ള തിരക്കിലാണ് സ്ഥാനാർഥികൾ. ഇടതു മുന്നണി ഏറെക്കുറെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി. ഇനി നാല് സീറ്റുകളിലാണ് പ്രഖ്യാപനം അവശേഷിക്കുന്നത്. കോൺഗ്രസ് 40 ഓളം സീറ്റിൽ ബുധനാഴ്ച വൈകിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. വ്യാഴാഴ്ച പട്ടിക പൂർത്തിയായാലും അൽപമൊന്ന് വേഗത്തിൽ ഓടിയാലേ സമയത്ത് നടപടി പൂർത്തിയാക്കാനാകൂ.
പത്രിക സമർപ്പണത്തിനുള്ള അവസാന ദിവസങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ, വരുംദിവസങ്ങളിൽ തന്നെ നൽകാനുള്ള തയാറെടുപ്പിലാണ് പലരും. സ്വത്ത് വിവരങ്ങൾ, ബാധ്യതകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ സമാഹരിക്കൽ, ക്രിമിനൽ കേസുകൾ സംബന്ധിച്ച സത്യവാങ്മൂലം തയാറാക്കൽ ഉൾപ്പെടെ പിടിപ്പത് ജോലികളാണ് പത്രികകയ്ക്കായി വേണ്ടത്.
ചെറിയ പിഴവ് സംഭവിച്ചാൽ പോലും പത്രിക തള്ളപ്പെടാൻ സാധ്യതയുള്ളതിനാൽ അതീവ സൂക്ഷ്മത വേണം. പലരും മണ്ഡലത്തിൽ എത്തിയിട്ടേയുള്ളൂ. വില്ലേജ് ഓഫിസുകളിൽനിന്നും ട്രഷറികളിൽനിന്നും ലഭിക്കേണ്ട രേഖകൾക്കായി സ്ഥാനാർഥികളുടെ പ്രതിനിധികൾ ഓട്ടത്തിലാണ്. പ്രധാന സ്ഥാനാർഥിയുടെ പത്രികയിൽ സാങ്കേതികമായ എന്തെങ്കിലും പിഴവുകൾ സംഭവിച്ചാൽ തിരിച്ചടിയാകാതിരിക്കാൻ ‘ഡമ്മി’ സ്ഥാനാർഥികളെ ഒരുക്കുന്ന തിരക്കിൽ കൂടിയാണ് രാഷ്ട്രീയ ക്യാമ്പുകൾ.