എ.ആർ. നഗർ: ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് എ.ആർ. നഗർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുന്നുംപുറം ടൗണിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ബോധവൽക്കരണ റാലി കുന്നുംപുറം ടൗണിന് ആവേശം പകർന്നു.
എ.ആർ. നഗർ കുടുംബാരോഗ്യ കേന്ദ്രം ഡോക്ടർ ഇർഫാന പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷയരോഗ നിവാരണത്തിനായി സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ ഡോക്ടർ ഓർമ്മിപ്പിച്ചു. ചടങ്ങിൽ എസ്ടിഎസ് പിഞ്ചു മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ രാജൻ, എച്ച്.ഐ മുഹമ്മദ് ഫൈസൽ, ജെ.എച്ച്.ഐ ധന്യ എന്നിവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ഷയരോഗ നിർമ്മാർജ്ജനത്തിനായുള്ള സർക്കാർ പദ്ധതികളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും അവർ വിശദീകരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ക്ഷയരോഗത്തിനെതിരെ പോരാടുമെന്ന പ്രതിജ്ഞ എസ്.ടി.എൽ.എസ് ഭവ്യ ചൊല്ലിക്കൊടുത്തു.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കഫ പരിശോധന ക്യാമ്പിന് ലാബ് ടെക്നീഷ്യൻ റോസ്മേരി കെ.ജെ നേതൃത്വം നൽകി. കൂടാതെ, നിക്ഷയ് മിത്ര പദ്ധതിയുടെ ഭാഗമായുള്ള സർട്ടിഫിക്കറ്റ് വിതരണം ഹെൽത്ത് സൂപ്പർവൈസർ രാജൻ നിർവ്വഹിച്ചു.
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ ക്ലബ്ബ് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവർ റാലിയിലും അനുബന്ധ പരിപാടികളിലും സജീവമായി പങ്കെടുത്തു.