അടക്കാപ്പുര: വിശുദ്ധ റമദാൻ പൂർത്തിയാക്കി ഈദുൽ ഫിത്വറിലേക്ക് കടക്കാനൊരുങ്ങുന്ന വേളയിൽ, കാരുണ്യത്തിന്റെ കൈത്താങ്ങുമായി അടക്കാപ്പുരയിലെ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ഘടകങ്ങൾ. 'സാന്ത്വനം പെരുന്നാൾ കിറ്റ്' പദ്ധതിയുടെ ഭാഗമായി യൂണിറ്റ് പരിധിയിലെ ഇരുന്നൂറോളം കുടുംബങ്ങൾക്കാണ് ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്.
വർഷംതോറും നടത്തിവരാറുള്ള ഈ ജീവകാരുണ്യ പ്രവർത്തനം ഇത്തവണയും വിപുലമായ രീതിയിലാണ് സംഘടിപ്പിച്ചത്. മാർച്ച് 18 ബുധനാഴ്ച നടന്ന വിതരണോദ്ഘാടനത്തിന് ശേഷം വരും ദിവസങ്ങളിൽ അർഹരായ മുഴുവൻ വീടുകളിലും കിറ്റുകൾ എത്തിച്ചു നൽകി. യൂണിറ്റ് ഭാരവാഹികളും സന്നദ്ധ പ്രവർത്തകരും വിതരണത്തിന് നേതൃത്വം നൽകി.
സാമൂഹിക സേവന രംഗത്ത് സജീവമായ സാന്ത്വനം പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ വർഷവും പെരുന്നാൾ കിറ്റ് പദ്ധതി നടപ്പിലാക്കിയത്.