റിയാദ്: താമസസ്ഥലത്തെ ബാത്റൂമിലെ പൈപ്പ് തടസ്സം നീക്കാൻ ഒഴിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായീൽ (51) ആണ് റിയാദിലെ അൽഈമാൻ ആശുപത്രിയിൽ അന്തരിച്ചത്. അസീസിയയിലെ താമസസ്ഥലത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്.
ഫ്ലാറ്റിലെ മലിനജല പൈപ്പിലെ തടസ്സം മാറ്റാനായി ഒഴിച്ച സൾഫ്യൂരിക് ആസിഡിൽ നിന്നുണ്ടായ അതിശക്തമായ ഗന്ധവും വിഷവാതകവുമാണ് മരണകാരണമായത്. പൈപ്പിൽ ആസിഡ് ഒഴിച്ച വിവരം അറിയാതെ ബാത്റൂമിൽ പ്രവേശിച്ച ഈസ്മായീൽ വാതകം ശ്വസിച്ച് ഉടൻ തന്നെ ബോധരഹിതനാകുകയായിരുന്നു. തുടർന്ന് കൂടെയുള്ളവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
സൗദിയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. സമാനമായ രീതിയിൽ ബാത്റൂമുകളിൽ ആസിഡ് ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.