കോട്ടക്കൽ: ഏപ്രിൽ 16-ന് കോട്ടക്കൽ പുത്തൂർ ബൈപാസ്സിൽ ആരംഭിക്കുന്ന പതിനേഴാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിനോടനുബന്ധിച്ചുള്ള മീഡിയ ക്രൂ ജേഴ്‌സി പ്രകാശനം നിർവഹിച്ചു. കോട്ടക്കൽ ITPC ക്യാമ്പസ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത എഴുത്തുകാരിയും വിവർത്തകയുമായ ഡോ. ജയശ്രീ കളത്തിൽ ജേഴ്‌സി പ്രകാശനം ചെയ്തു.
ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ ഷഫീഖ് നടുത്തൊടി, ITPC ഡയറക്ടർ സമദ് തെന്നല എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ സലീം മാടക്കൻ, ഡാനിഷ് എടത്തടത്തിൽ, ഷംനാദ് കെ, കബീർ സി.വി, റഫീക് കല്ലൻ, മജീദ് എടത്തടത്തിൽ തുടങ്ങിയ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.
ഫുട്ബോൾ ആവേശത്തിന് മാറ്റുകൂട്ടാനായി പുത്തൂർ ബൈപാസ് ഗ്രൗണ്ടിൽ ഒരുങ്ങുന്ന ടൂർണമെന്റിന്റെ വാർത്താ പ്രചരണങ്ങൾക്കായി വിപുലമായ സജ്ജീകരണങ്ങളാണ് മീഡിയ വിങ് ഒരുക്കിയിരിക്കുന്നത്.