മലപ്പുറം: സംസ്ഥാനത്ത് മതനിരപേക്ഷതയും സാമൂഹ്യനീതിയും സംരക്ഷിക്കാൻ ഈ പ്രാവശ്യം യുഡിഎഫിനെ പിന്തുണക്കേണ്ടത് അനിവാര്യമാണെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മങ്കട മണ്ഡലത്തിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെയും കുതന്ത്രങ്ങളെയും ചെറുക്കേണ്ട നിർണായക ഘട്ടത്തിലാണ് ഇന്ന് കേരളം. ഇടതുപക്ഷം സ്വീകരിച്ച നിലപാടുകൾ സമൂഹത്തിൽ വലിയ രീതിയിലുള്ള ഭിന്നിപ്പിന് വഴിയൊരുക്കിയിരിക്കുകയാണ്. എൽഡിഎഫ് ഭരണത്തിന്റെ തുടർച്ച സംഘപരിവാറിന് കൂടുതൽ ഗുണകരമാകുമെന്നും അദ്ദേഹം ആരോപിച്ചു.
മതനിരപേക്ഷത സംരക്ഷിക്കപ്പെടണം
എൽഡിഎഫും ആർഎസ്എസും തമ്മിലുള്ള രാഷ്ട്രീയ കൂട്ടുകെട്ട് നിലനിൽക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഈ എൽഡിഎഫ്-ആർഎസ്എസ് ഡീൽ പരാജയപ്പെടുത്തുക എന്നത് ജനാധിപത്യ വിശ്വാസികളുടെ കടമയാണ്. സംസ്ഥാനത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും, മുഴുവൻ ജനങ്ങളുടെയും അവകാശങ്ങൾ ഉറപ്പാക്കുന്ന ഭരണമാണ് കേരളത്തിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഞ്ഞളാംകുഴി അലി വോട്ട് അഭ്യർത്ഥിച്ചു
വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡണ്ട് കെ.പി. ഫാറൂഖ് അധ്യക്ഷത വഹിച്ച കൺവെൻഷനിൽ മങ്കട നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി മഞ്ഞളാംകുഴി അലി പങ്കെടുത്ത് പ്രവർത്തകരോട് വോട്ട് അഭ്യർത്ഥിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ജില്ലാ സെക്രട്ടറി ശാക്കിർ മോങ്ങം, എഫ്ഐടിയു ജില്ലാ പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം, പാർട്ടി ജില്ലാ കമ്മിറ്റി അംഗം സെയ്താലി വലമ്പൂർ, ജാബിർ വടക്കാങ്ങര, ആബിദ് അലി അരിപ്ര, ഉബൈബ് ടീച്ചർ, അഷ്‌ഫാഖ്, സാബിത കൂട്ടിലങ്ങാടി എന്നിവർ പ്രസംഗിച്ചു.
മങ്കട മണ്ഡലത്തിലെ ബ്ലോക്ക്, വാർഡ് പ്രതിനിധികളായ സമീറ തൊട്ടോളി, നാസർ കൂട്ടിലങ്ങാടി, രാജേന്ദ്രൻ കോലോത്തൊടി, നസീറ കൂട്ടിലങ്ങാടി എന്നിവർ ആശംസകൾ അർപ്പിച്ചു. സി.എച്ച്. സലാം മാസ്റ്റർ, അഷ്റഫ് കുറുവ, ഡാനിഷ് മങ്കട എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.