തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം കോഹിനൂരിലെ മിറാക്കിൾ ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്ക് കൈത്താങ്ങുമായി കേരള ഡെവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്). ഷെൽട്ടർ ഹോം അന്തേവാസികൾക്കായി സംഘടിപ്പിച്ച വിത്ത് നടീൽ ഉത്സവവും തേഞ്ഞിപ്പാലം പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും വേറിട്ടൊരു അനുഭവമായി.
മിറാക്കിൾ ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്ക് ഭാവിയിൽ ഉപകരിക്കുന്ന രീതിയിൽ വിവിധയിനം പഴവർഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകൾ പാകിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റ് ശരീഫ് അസീസ് മേടപ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി അധ്യക്ഷത വഹിച്ചു. തേഞ്ഞിപ്പാലം കൃഷി ഓഫീസർ കെ. ഷംന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
തേഞ്ഞിപ്പാലം പഞ്ചായത്തിൽ നിന്നും കാർഷിക രംഗത്തെ മികവ് പരിഗണിച്ച് തിരഞ്ഞെടുത്ത പന്ത്രണ്ടോളം കർഷകരെ ചടങ്ങിൽ ആദരിച്ചു.
കെ.എൻ. വിജയകൃഷ്ണൻ, കള്ളിയിൽ ഖദീജ, എം. സൈനുൽ ആബിദീൻ, കെ.പി. രാമകൃഷ്ണൻ, കെ. മുഹമ്മദ്, കെ.ടി. അനിരുദ്ധൻ, വി. വേലായുധൻ, ദാസൻ അക്രമണ്ണിൽ, എം.കെ. മുഹമ്മദ് ലത്തീഫ്, വി. ഗിരിവാസ്, ശിവദാസൻ വാരിയത്ത്, പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി എന്നിവർക്ക് മൊമെന്റോ നൽകി ആദരവ് പ്രകടിപ്പിച്ചു. ആദരിക്കപ്പെട്ട കർഷകർ അന്തേവാസികൾക്കായി പഴങ്ങളും പച്ചക്കറികളും ഉപഹാരമായി നൽകുകയും ചെയ്തു.
ചടങ്ങിൽ വിമൽ മനയത്ത് സ്വാഗതം പറഞ്ഞു. കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, മിറാക്കിൾ ഷെൽട്ടർ ഹോം ചെയർമാൻ ഫാറൂഖ് തുമ്പപ്പാടം, പി.പി. സുബൈർ ആനങ്ങാടി, ഷൈനി പട്ടാളത്തിൽ, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, ശുക്കൂർ പി.എം. എന്നിവർ സംസാരിച്ചു. മിറാക്കിൾ ഷെൽട്ടർ ഹോം സെക്രട്ടറി ഷബീർ അലി നന്ദി രേഖപ്പെടുത്തി.