മലപ്പുറം: പശ്ചിമേഷ്യയിൽ യുദ്ധവും അക്രമവും മൂലം ദുരിതമനുഭവിക്കുന്ന നിസ്സഹായരായ മനുഷ്യർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബാൽഡേർസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞയും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. സമാധാനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി നടന്നത്.
ചരിത്രത്തിലിന്നേവരെ നടന്ന യുദ്ധങ്ങളൊന്നും സാധാരണക്കാർക്ക് ഗുണകരമായിട്ടില്ലെന്നും, മറിച്ച് തീരാനഷ്ടങ്ങളും ദുരിതങ്ങളും മാത്രമാണ് സമ്മാനിച്ചിട്ടുള്ളതെന്നും ചടങ്ങ് ഓർമ്മിപ്പിച്ചു. മലപ്പുറത്ത് വെച്ച് നടന്ന പരിപാടിക്ക് ക്ലബ്ബ് പ്രസിഡന്റ് മുനീർ ബുഖാരി നേതൃത്വം നൽകി.
സി.എച്ച്. മൊയ്‌ദു മാസ്റ്റർ, ഷബീർ അൽ ഹിന്ദ്, സൈദലവി ഹാജി, ഉമ്മർ മാസ്റ്റർ, ശാക്കിർ വേങ്ങര, റാസി എന്നിവർ ചടങ്ങിൽ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി അംഗങ്ങൾ പ്ലെക്കാർഡുകൾ ഏന്തി യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. യുദ്ധഭൂമിയിൽ നരകയാതന അനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്കായി പ്രത്യേക പ്രാർത്ഥനയും ഇഫ്താർ സംഗമത്തിന്റെ ഭാഗമായി നടന്നു.