കോട്ടക്കൽ നഗരസഭയുടേത് വേറിട്ട മാതൃക: പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ

കോട്ടക്കൽ: കാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക സേവന മേഖലയിലും കോട്ടക്കൽ നഗരസഭയുടേത് വേറിട്ട മാതൃകയാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും സാമൂഹിക സേവന പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടക്കൽ നഗരസഭയിലെ കാൻസർ, ഡയാലിസിസ് രോഗികൾക്ക് പ്രതിമാസ പെൻഷൻ നൽകുന്ന 'ചെയർമാൻ വെൽഫെയർ പദ്ധതി'യിലേക്ക് ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ സമാഹരിച്ച 7,90,000 രൂപയുടെ ആദ്യ ഗഡു തങ്ങൾ ചടങ്ങിൽ കൈമാറി. നഗരസഭ ചെയർമാൻ കെ.കെ. നാസറിന്റെ നേതൃത്വത്തിൽ മുൻ കാലയളവിൽ ആരംഭിച്ച ഈ മാതൃകാപരമായ പദ്ധതി ഫൗണ്ടേഷൻ വഴി തുടർന്നും സജീവമായി നടപ്പിലാക്കുകയാണ്.

സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്കും ദുരിതമനുഭവിക്കുന്നവർക്കും കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ; വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹ്യക്ഷേമം, സാമ്പത്തിക ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഘട്ടംഘട്ടമായി വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസ സഹായവും, വൈകല്യമുള്ളവർക്കും മറ്റ് അവശത അനുഭവിക്കുന്നവർക്കും പ്രത്യേക പിന്തുണയും ഫൗണ്ടേഷൻ ഉറപ്പാക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ആയിരത്തോളം അർഹതപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ആഴ്ച കിടപ്പ് രോഗികൾക്കും ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി., പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. എന്നിവർ ചടങ്ങിൽ സംസാരിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ അനുസ്മരണ പ്രഭാഷണം നടത്തി. സ്വാമി ആത്മദാസ് യാമി മുഖ്യാതിഥിയായിരുന്നു.

ചടങ്ങിൽ കെ.കെ. നാസർ, മുസ്തഫ പുളിക്കൽ, സാജിദ് മങ്ങാട്ടിൽ, ജഹ്ഫർ കുഞ്ഞു, ഇബ്രാഹീം ഹാജി കീഴേടത്ത്, ചെമ്മുക്കൻ യാഹു മോൻ ഹാജി, സിപിഎം തങ്ങൾ, ഷബീർ കാലൊടി, കെ.എം. ഖലീൽ, അബു കൂരിയാട്, ശിഹാബ് ആമ്പാറ എന്നിവർ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളിലെ നേതാക്കളും മുനിസിപ്പൽ കൗൺസിലർമാരും മുസ്ലിം ലീഗ്, യൂത്ത് ലീഗ് ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}