ഊരകം: കുട്ടികളുടെ സർഗ്ഗാത്മകതയും പഠന മികവും വിളിച്ചോതി കുറ്റാളൂർ ഊരകം കീഴ്മുറി ജി.എൽ.പി സ്കൂളിൽ 'പഠനോത്സവം 26'-ഉം പഠന മികവ് പ്രദർശനവും സംഘടിപ്പിച്ചു. വിദ്യാലയ മുറ്റത്ത് നടന്ന വിപുലമായ പരിപാടി വേങ്ങര മുൻ ബി.പി.സി ശ്രീ കെ.പി. സോമനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ സുലൈമാൻ മാഷ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
കുട്ടികൾ ക്ലാസ് മുറികളിൽ നിന്ന് ആർജ്ജിച്ച വൈവിധ്യമാർന്ന അറിവുകളും പ്രവർത്തനങ്ങളും കോർത്തിണക്കി ഒരുക്കിയ പ്രദർശനം കാണികൾക്ക് പുത്തൻ അനുഭവമായി.
പ്രദർശനത്തോടൊപ്പം തന്നെ വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ ചുമർ പത്രങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാരുടെ കലാപരമായ കഴിവുകൾ പുറത്തെടുത്ത 'മൊഴികിലുക്കം' പരിപാടി കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
പി.ടി.എ പ്രസിഡൻ്റ് മുനീർ പ്രദർശനം സന്ദർശിക്കുകയും കുട്ടികൾക്ക് പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്തു. അധ്യാപകരായ റഷീദ്, ലീന, അദ്നാൻ, മിനി, സംഗീത എന്നിവർ പഠനോത്സവത്തിന് നേതൃത്വം നൽകി. രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് പരിപാടിയിൽ ഉടനീളം ദൃശ്യമായത്.