വേങ്ങര: കുട്ടികളുടെ വായനാ-രചനാ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എ.ആർ. നഗർ പഞ്ചായത്തിലെ ഇരുമ്പുചോല എ.യു.പി സ്കൂൾ അധ്യാപകർ തയ്യാറാക്കിയ സവിശേഷ പഠനസഹായി ‘തുമ്പി വിമാനം: അറിവാണ് ചിറക്’ പ്രകാശനം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് റഷീദ് ചെമ്പകത്ത് പുസ്തകം പ്രകാശനം ചെയ്തു.
മലയാളം എഴുതാനും വായിക്കാനും പ്രത്യേക പിന്തുണ ആവശ്യമുള്ള വിദ്യാർത്ഥികളെ മുൻനിർത്തിയാണ് ഈ പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അക്ഷരമാല, ചിഹ്നങ്ങൾ, ലളിതമായ പദരചന എന്നിവയിൽ കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്ന നിരവധി വർക്ക്ഷീറ്റുകളും പ്രവർത്തനങ്ങളും പുസ്തകത്തിലുണ്ട്. കുട്ടികളിൽ പഠനത്തോടുള്ള താൽപര്യം വളർത്താൻ ഇത്തരം നൂതനമായ അധ്യാപന രീതികൾ സഹായിക്കുമെന്ന് പ്രകാശന കർമ്മം നിർവ്വഹിച്ചുകൊണ്ട് പി.ടി.എ പ്രസിഡൻ്റ് പറഞ്ഞു.
വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും മികവിൻ്റെ പാതയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ അധ്യാപകർ നടത്തുന്ന ഇത്തരം ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് ജി. സുഹ്റാബി ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് ലളിതമായ രീതിയിൽ അക്ഷരങ്ങൾ ഹൃദിസ്ഥമാക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളാണ് പുസ്തകത്തിൻ്റെ പ്രധാന ആകർഷണമെന്ന് അധ്യാപകർ പറഞ്ഞു.
ചടങ്ങിൽ എസ്.ആർ.ജി കൺവീനർ കെ.ടി അഫ്സൽ, കെ. ലബീബ, ഷിഫ സീനത്ത്, തസ്ലീമ തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. ചടങ്ങിൽ സ്കൂളിലെ മറ്റു അധ്യാപകരും പി.ടി.എ അംഗങ്ങളും വിദ്യാർത്ഥികളും പങ്കെടുത്തു.