നഗരങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരവുമായി പ്രമുഖ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമുകളായ ഊബറും (Uber) റാപ്പിഡോയും (Rapido) കേരളത്തിൽ ബൈക്ക് ടാക്സി സേവനങ്ങൾ വിപുലീകരിക്കുന്നു. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം ലഭ്യമാകുക. ഊബർ കൊച്ചിയിലും തിരുവനന്തപുരത്തും സർവീസ് നടത്തുമ്പോൾ, റാപ്പിഡോ ഇപ്പോൾ തിരുവനന്തപുരത്തും തങ്ങളുടെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ആദ്യ മൂന്ന് കിലോമീറ്ററിന് വെറും 25 രൂപയാണ് പ്രാരംഭ നിരക്ക്. കൊച്ചി നഗരപരിധിക്ക് പുറമെ ഫോർട്ട് കൊച്ചി, വൈപ്പിൻ, പറവൂർ, ആലുവ തുടങ്ങിയ ഇടങ്ങളിലും ഊബർ സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരെ എത്തിക്കുന്നതിന് പുറമെ, ചെറിയ പാഴ്സലുകൾ കുറഞ്ഞ ചിലവിൽ എത്തിക്കാനായി ‘ബൈക്ക് പാഴ്സൽ’ സൗകര്യവും ലഭ്യമാണ്.
പുതിയ സേവനത്തിനായി ഇരുചക്ര വാഹന ഉടമകളെ റജിസ്റ്റർ ചെയ്യുന്ന നടപടികൾ ഊബർ ആരംഭിച്ചു കഴിഞ്ഞു. 1,000 രൂപ ജോയിനിംഗ് ബോണസും പ്രതിമാസം കുറഞ്ഞത് 35,000 രൂപ വരുമാനവുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ലൈസൻസ് നേടിയാണ് ഈ കമ്പനികൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ കുറഞ്ഞ നിരക്കിൽ വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ ബൈക്ക് ടാക്സി മികച്ച ഓപ്ഷനാണെന്നാണ് യാത്രക്കാരുടെ പ്രതികരണം.