കോട്ടക്കൽ: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും (KSCSTE), കേന്ദ്ര പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന എൻവയോൺമെന്റ് എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ (EEP) ഭാഗമായി മാറാക്കര എ.യു.പി. സ്കൂൾ ദേശീയ ഹരിത സേന (NGC) ജീവിതശൈലീ ശില്പശാല സംഘടിപ്പിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം ജംഷീറ സജീഹ് പരിപാടി ഉദ്ഘാടനം ചെയ്തു.
ആധുനിക കാലത്തെ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും പ്രകൃതിയോട് ഇണങ്ങിയ ജീവിതരീതി വളർത്തിയെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്.
സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക ടി. വൃന്ദ അധ്യക്ഷത വഹിച്ചു. 'ജീവിതശൈലി' എന്ന വിഷയത്തിൽ മാതൃകാ കർഷകൻ ടി.പി. മുഹമ്മദ് ബാവയും, 'ശാസ്ത്രബോധം' എന്ന വിഷയത്തിൽ കെ. പ്രകാശും വിദ്യാർത്ഥികൾക്കായി ക്ലാസ്സുകൾ നയിച്ചു.
ചടങ്ങിൽ ടി.പി. അബ്ദുല്ലത്തീഫ്, കെ.എസ്. സരസ്വതി, പി.പി. മുജീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു. ശില്പശാലയുടെ ഭാഗമായി ജീവിതശൈലീ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന റാലി, പോസ്റ്റർ പ്രദർശനം, ലഘുലേഖ വിതരണം എന്നിവയും നടന്നു. പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ദിനചര്യയുടെ ഭാഗമാക്കണമെന്ന് ശില്പശാല ആഹ്വാനം ചെയ്തു.