മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർഥിയെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി

കൊളത്തൂർ: മലപ്പുറം കുരുവമ്പലത്തുനിന്ന് കാണാതായ പത്തൊമ്പതുകാരനെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിന്റെ മകൻ മുഹമ്മദ് സിനാനെയാണ് (19) തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിജനമായ സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മലപ്പുറത്തെ മഅ്ദിൻ കോളജിലേക്ക് പോയ സിനാൻ വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ കൊളത്തൂർ പൊലീസിൽ പരാതി നൽകി. കാണാതായതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് തിരുവനന്തപുരത്തെ ഒരു റസിഡൻഷ്യൽ ഏരിയക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം കൊളത്തൂർ പൊലീസിന് ലഭിക്കുന്നത്.

തിരുവനന്തപുരം മ്യൂസിയം പൊലീസ് നടത്തിയ സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ സുപ്രധാന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സിനാൻ കുപ്പിയിൽ പെട്രോളിന് സമാനമായ ദ്രാവകവുമായി പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മരണത്തിൽ മറ്റ് ദുരൂഹതകൾ ഉണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് സിനാന്റെ ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് തിരിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}