ചേറൂർ: മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി നടപ്പിലാക്കുന്ന 'സീഡ്' പദ്ധതിയുടെ 2025-26 അക്കാദമിക വർഷത്തെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇരട്ടനേട്ടത്തിന്റെ തിളക്കത്തിൽ ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ (സി.എ.കെ.എം) ജി.എം.യു.പി. സ്കൂൾ. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹരിത വിദ്യാലയത്തിനുള്ള 'ഹരിത ജ്യോതി' പുരസ്‌കാരവും, സ്കൂളിലെ മികച്ച കുട്ടി കർഷകയായ റുഷ്ദയ്ക്ക് ലഭിച്ച 'ജെം ഓഫ് സീഡ്' പുരസ്‌കാരവും വിദ്യാലയത്തിന് ഇരട്ടി മധുരമായി.
തുടർച്ചയായ മൂന്നാം വർഷമാണ് സീഡിന്റെ മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്‌കാരം ഈ വിദ്യാലയത്തെ തേടിയെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. പരിസ്ഥിതി സംരക്ഷണത്തിലും കാർഷിക മേഖലയിലും സ്കൂൾ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. 2023-24 വർഷത്തിൽ മികച്ച ഹരിത വിദ്യാലയ പുരസ്‌കാരവും, 2024-25 വർഷത്തിൽ ഹരിത ജ്യോതി പുരസ്‌കാരവും മികച്ച സീഡ് അധ്യാപക കോർഡിനേറ്റർക്കുള്ള അവാർഡും സ്കൂൾ സ്വന്തമാക്കിയിരുന്നു.
സീഡിന്റെ പ്രവർത്തനങ്ങളിൽ കാഴ്ച്ചവെക്കുന്ന മികച്ച കാർഷിക മികവിനാണ് വിദ്യാർത്ഥികൾക്ക് നൽകുന്ന 'ജെം ഓഫ് സീഡ്' പുരസ്‌കാരം റുഷ്ദയെ തേടിയെത്തിയത്. സ്കൂൾ അങ്കണത്തിലും വീട്ടിലും നടത്തിയ വൈവിധ്യമാർന്ന കാർഷിക പ്രവർത്തനങ്ങൾ റുഷ്ദയെ ഈ നേട്ടത്തിന് അർഹയാക്കി.
സ്കൂൾ ഹെഡ്മാസ്റ്റർ രവിചന്ദ്രൻ മാസ്റ്ററുടെയും മറ്റ് സഹ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സീഡ് കോർഡിനേറ്റർ വിജേഷ് മാസ്റ്റർ പറഞ്ഞു. മികച്ച രീതിയിലുള്ള കാർഷിക പരിപാലനവും പരിസ്ഥിതി ബോധവൽക്കരണവും വരും വർഷങ്ങളിലും ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം.