സാമൂഹ്യ സുരക്ഷയ്ക്കും വികസനത്തിനും മുൻതൂക്കം; കോട്ടക്കൽ നഗരസഭ ബജറ്റ് അവതരിപ്പിച്ചു

കോട്ടക്കൽ: സാമൂഹ്യ സുരക്ഷാ പദ്ധതികൾക്കും നഗര വികസനത്തിനും മുൻതൂക്കം നൽകി കോട്ടക്കൽ നഗരസഭയുടെ 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 96,09,93,676 രൂപ വരവും 93,67,98,604 രൂപ ചെലവും 2,41,95,072 രൂപ മിച്ചവുമുള്ള ബജറ്റാണ് നഗരസഭാ ഉപാധ്യക്ഷ പറോളി റംല അവതരിപ്പിച്ചത്. 

സ്മാർട്ട് നഗരസഭ വികസനം, ഹാപ്പിനസ് കോട്ടക്കൽ എന്നീ പദ്ധതികളാണ് ബജറ്റിലെ പ്രധാന ആകർഷണങ്ങൾ.
നഗരത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിനായി വൻതുകയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. ചൈന മാർക്കറ്റ് നവീകരണത്തിനായി 18 കോടി രൂപയും സാധാരണ മാർക്കറ്റ് നവീകരണത്തിന് 20 ലക്ഷം രൂപയും വകയിരുത്തി. കായിക മേഖലയുടെ പുരോഗതിക്കായി മുൻസിപ്പൽ സ്റ്റേഡിയം നിർമ്മാണത്തിന് ഒരു കോടി രൂപയും വിവിധ സ്ഥലങ്ങളിൽ ഓപ്പൺ ജിം സ്ഥാപിക്കുന്നതിനായി 25 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്.

പരിസ്ഥിതി സൗഹൃദ പദ്ധതികളുടെ ഭാഗമായി നഗരസഭയിൽ സമ്പൂർണ്ണ സോളാർ പ്രോജക്ടിനായി ഒരു കോടി രൂപ നീക്കിവെച്ചു. വയോജനങ്ങളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ടുള്ള വയോജന ഹാപ്പിനസ് പാർക്കിന് 25 ലക്ഷം രൂപയും കോട്ടക്കൽ ടൗൺ സൗന്ദര്യവൽക്കരണത്തിന് 50 ലക്ഷം രൂപയും ബജറ്റിലുണ്ട്. 

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ചെറുകിട കുടിവെള്ള പദ്ധതികൾക്ക് 75 ലക്ഷം രൂപയും കാർഷിക മേഖലയിൽ നെൽകൃഷി വികസനത്തിനായി 25 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. 

നഗരസഭാധ്യക്ഷൻ കെ.കെ. നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ധനകാര്യ സ്ഥിരം സമിതി അംഗങ്ങളായ ഫാത്ത്വിമ മൻസൂറ, ഒ.പി. ഹനീഫ, മറിയം ബീരാൻ, സുഫൈറ ബാബു, സനില പ്രവീൺ എന്നിവരും സ്ഥിരം സമിതി അധ്യക്ഷന്മാരായ സാജിദ് മങ്ങാട്ടിൽ, റിസവാന ആഷിഖ്, അബ്ദു മങ്ങാടൻ, ഷഹാന ഷെറിൻ, സുലൈമാൻ പാറമ്മൽ തുടങ്ങിയവരും സംസാരിച്ചു. നഗരസഭാ സെക്രട്ടറി മാമ്പള്ളി സന്തോഷ് കുമാർ, വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}