വേങ്ങര: വനിതകൾക്ക് ഡിജിറ്റൽ മേഖലയിൽ പ്രാവീണ്യം ഉറപ്പുവരുത്തുന്നതിനായി വേങ്ങര ഗ്രാമ പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും ലക്ഷ്യ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കമ്പ്യൂട്ടർ പരിശീലന പരിപാടിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
വനിതകളുടെ തൊഴിൽ നൈപുണ്യവും സാങ്കേതിക വിജ്ഞാനവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.
വേങ്ങര 17-ാം വാർഡ് അടക്കാപുരയിൽ പ്രത്യേകം സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബിലാണ് പരിശീലനം നടക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 16, 17, 18 വാർഡുകളിൽ നിന്നായി രജിസ്റ്റർ ചെയ്ത 150 വനിതകളെയാണ് പരിശീലനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പിൽ ദിവസേന ആറ് ബാച്ചുകളിലായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
എം.എസ് ഓഫീസ് (MS Office), എം.എസ് വേർഡ് (MS Word), എം.എസ് എക്സൽ (MS Excel), എം.എസ് പവർ പോയിന്റ് (MS PowerPoint) തുടങ്ങിയ അടിസ്ഥാന കമ്പ്യൂട്ടർ പാഠങ്ങളാണ് ആദ്യഘട്ടത്തിൽ പരിശീലനത്തിലുള്ളത്. ആധുനിക ലോകത്ത് കമ്പ്യൂട്ടർ സാക്ഷരത അത്യന്താപേക്ഷിതമായതിനാൽ ഈ പദ്ധതി സ്ത്രീകളുടെ ശാക്തീകരണത്തിന് വലിയ മുതൽക്കൂട്ടാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് പറഞ്ഞു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ. സബ്ന ഇബ്രാഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.പി. അഹമ്മദ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സജ്‌ന, വൈസ് ചെയർപേഴ്സൺ ഗീത, മുൻ മെമ്പർ കുറുക്കൻ മുഹമ്മദ്, എ.കെ. നഫീസ, ഇബ്രാഹീം എ.കെ., മമ്മുതു സി.എം., എ.കെ. അലവി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വിവിധ വാർഡുകളിലെ കുടുംബശ്രീ പ്രവർത്തകരും പരിശീലനത്തിനെത്തിയ വനിതകളും ചടങ്ങിന്റെ ഭാഗമായി.