വേങ്ങര: വലിയോറ പരപ്പിൽപാറ ജനകീയ കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് ലഭിക്കേണ്ട സേവനങ്ങൾ കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയെത്തുടർന്ന് വാർഡ് മെമ്പർ സബ്ന ഇബ്രാഹീം ജില്ലാ മെഡിക്കൽ ഓഫീസർക്ക് (DMO) നിവേദനം നൽകി.
ആരോഗ്യ കേന്ദ്രത്തിലെ നിലവിലെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മെമ്പർ നേരിട്ടെത്തി ഡി.എം.ഒയെ കണ്ടത്.
ജനകീയ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കേണ്ട നിർണ്ണായകമായ പല സേവനങ്ങളും ഇപ്പോൾ തടസ്സപ്പെട്ടിരിക്കുകയാണ്. ആഴ്ചയിൽ ആറ് ദിവസവും ലഭിക്കേണ്ട ഒ.പി സേവനം, 12 ഓളം വിവിധ ആരോഗ്യ സേവനങ്ങൾ, 9 ഇനം ലാബ് പരിശോധനകൾ, 36 ഇനം മരുന്നുകൾ എന്നിവ നിലവിൽ ഇവിടെ ലഭ്യമല്ലെന്ന് ഡി.എം.ഒയുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമായി.
ഈ കുറവുകൾ പരിഹരിച്ച് സാധാരണക്കാരായ ജനങ്ങൾക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ എത്രയും വേഗം ഉറപ്പുവരുത്തണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
മുൻ വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ് സാഹിബും നിവേദക സംഘത്തോടൊപ്പം ഉണ്ടായിരുന്നു. വിഷയത്തിൽ ഉടൻ ഇടപെടാമെന്ന് ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.