ഊരകം: വേനൽ കടുക്കുന്ന സാഹചര്യത്തിൽ പക്ഷികൾക്കും മറ്റ് ജീവികൾക്കും കുടിവെള്ളം ഒരുക്കുന്നതിനായി 'പറവകൾക്കൊരു തണ്ണീർകുടം' പദ്ധതിയുമായി ഊരകം കല്ലേങ്ങൽപടി അങ്കണവാടി. അങ്കണവാടി പ്രവർത്തകരും കുരുന്നുകളും ചേർന്നാണ് പക്ഷികൾക്കായി വെള്ളം കരുതി വെക്കുന്ന ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
പരിസ്ഥിതി സ്നേഹവും ജീവകാരുണ്യവും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. അങ്കണവാടി പരിസരത്ത് പക്ഷികൾക്ക് എളുപ്പത്തിൽ വന്നിരുന്ന് വെള്ളം കുടിക്കാവുന്ന രീതിയിൽ മൺപാത്രങ്ങളിലും മറ്റും കുടിവെള്ളം സജ്ജീകരിച്ചു.
അങ്കണവാടി വർക്കർ മാലതി, ഹെൽപ്പർ പ്രമീള എന്നിവരും അങ്കണവാടിയിലെ കൊച്ചു കൂട്ടുകാരും ചേർന്നാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. ചുട്ടുപൊള്ളുന്ന വേനലിൽ മിണ്ടാപ്രാണികൾക്ക് തണലാകുന്ന ഈ പ്രവർത്തനം നാട്ടുകാർക്കിടയിലും വലിയ പ്രശംസ പിടിച്ചുപറ്റി.