ഒതുക്കുങ്ങൽ: കുഞ്ഞുമനസ്സുകളിൽ അക്ഷരവെളിച്ചം പകർന്നുനൽകിയ 28 വർഷത്തെ സുദീർഘമായ അധ്യാപക ജീവിതത്തിന് ഒതുക്കുങ്ങൽ പടിഞ്ഞാറേക്കര എ.എം.എ.ൽ.പി. സ്കൂളിൽ വിരാമം. തന്റെ സർവീസ് കാലയളവിനോട് വിടപറയുമ്പോൾ പ്രിയപ്പെട്ട ശിഷ്യർക്കായി അറിവിന്റെ വലിയൊരു ലോകംതന്നെ സമ്മാനിച്ചാണ് പ്രധാനാധ്യാപകൻ സി.പി. സത്യനാഥൻ മാഷ് പടിയിറങ്ങിയത്.
കുട്ടികൾ വായനയിലേക്ക് മടങ്ങിവരണമെന്ന ആഗ്രഹത്തോടെ, വായനശാലയിലേക്ക് ആവശ്യമായ പുസ്തകശേഖരം നൽകിക്കൊണ്ടാണ് അദ്ദേഹം തന്റെ വിരമിക്കൽ ദിനം അവിസ്മരണീയമാക്കിയത്. സ്ക്രീനുകൾക്ക് മുന്നിൽ മാത്രം സമയം ചെലവഴിക്കുന്ന പുതുതലമുറയെ പുസ്തകങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 'മാതൃഭൂമി' ബുക്സുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കഥകൾ, കവിതകൾ, വിജ്ഞാനകോശങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പുസ്തകങ്ങളാണ് അദ്ദേഹം സ്കൂളിന് കൈമാറിയത്.
"അധ്യാപകൻ ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങേണ്ടവനല്ല, കുട്ടികളിൽ വായനയുടെയും ചിന്തയുടെയും വിത്തുകൾ പാകുന്നവനാകണം. അതിന് സാധിച്ചു എന്നതിലാണ് എന്റെ സംതൃപ്തി," - സത്യനാഥൻ മാഷ് പറഞ്ഞു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാതൃഭൂമി മലപ്പുറം ന്യൂസ് എഡിറ്റർ ആർ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കുരുണിയൻ ഹക്കീം അധ്യക്ഷത വഹിച്ച ചടങ്ങിൽ മാതൃഭൂമി ലേഖകൻ പി.കെ. മധുസൂദനൻ, ഹസീന കുരുണിയൻ, ടി.സി. അബ്ദുൾ ഗഫൂർ, കെ. മുഹമ്മദ് ഫാരിസ്, എം.കെ. റജീന, എം. ഫൈസൽ, വിജിത, ഫാത്തിമ, സി.പി. റസിയ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.