മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭിന്നശേഷി സൗഹൃദമായ വോട്ടിംഗ് ഉറപ്പാക്കുന്നതിനായി മലപ്പുറം ജില്ലയിൽ മൂന്ന് 'ഇൻക്ലൂസീവ് പോളിങ് ബൂത്തുകൾ' സജ്ജമാക്കുന്നു. ഓരോ ജില്ലയിലും നൂറ് ശതമാനവും ഭിന്നശേഷി സൗഹൃദമായ ഒരു പോളിങ് സ്റ്റേഷനെങ്കിലും ഉണ്ടായിരിക്കണമെന്ന ചീഫ് ഇലക്ട്രൽ ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടിയെന്ന് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു.
തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകൾ:
1. മഞ്ചേരി നിയോജക മണ്ഡലം: മഞ്ചേരി ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ (ബൂത്ത് നമ്പർ-138)
2. മലപ്പുറം നിയോജക മണ്ഡലം: മലപ്പുറം ഗവ. കോളേജ് (ബൂത്ത് നമ്പർ-152)
3. തിരൂർ നിയോജക മണ്ഡലം: പോരൂർ എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ (ബൂത്ത് നമ്പർ-57)
ഒരുക്കുന്ന പ്രധാന സൗകര്യങ്ങൾ:
വിവിധ ശാരീരിക-ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കായി അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കുന്നത്:
• കാം സോൺ (Calm Zone): ഓട്ടിസം ഉൾപ്പെടെയുള്ള ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കായി ഓസ്‌ട്രേലിയൻ മാതൃകയിൽ ബഹളങ്ങളില്ലാത്ത 'ഇൻസെൻസറി ഫ്രണ്ട്ലി' സോൺ ഒരുക്കും. ഇവിടെ ഫിഡ്ജറ്റ് ടൂളുകൾ അടങ്ങിയ സെൻസറി കിറ്റുകൾ ലഭ്യമായിരിക്കും.
• വീൽചെയർ സൗകര്യം: വീൽചെയർ ഉപയോഗിക്കുന്നവർക്കായി പ്രത്യേക ഉയരത്തിലുള്ള (720-800 മി.മീ) ടേബിളുകളും വോട്ടിംഗ് മെഷീന് മുകളിൽ കൃത്യമായ പ്രകാശവും (300 ലക്സ്) ഉറപ്പാക്കും. ഓരോ ബൂത്തിലും രണ്ട് വീൽചെയറുകൾ വീതമുണ്ടാകും.
• കാഴ്ച പരിമിതിയുള്ളവർക്ക്: വോട്ടിംഗ് മെഷീനിലേക്ക് തടസ്സമില്ലാത്ത സ്പർശന പാത, വലിയ അക്ഷരത്തിലുള്ള വോട്ടർ സ്ലിപ്പുകൾ, മാഗ്നിഫൈയിംഗ് ഷീറ്റുകൾ എന്നിവ നൽകും.
• ശ്രവണ-സംസാര പരിമിതിയുള്ളവർക്ക്: ഇന്ത്യൻ സൈൻ ലാംഗ്വേജ് പോസ്റ്ററുകളും മലയാളം ആംഗ്യഭാഷയിലുള്ള വീഡിയോ ഗൈഡുകളും ലഭ്യമാക്കും.
• പ്രത്യേക ടോക്കൺ: വരി നിൽക്കാതെ വോട്ട് ചെയ്യാൻ ഭിന്നശേഷിക്കാർക്ക് പ്രത്യേക ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തും. കൂടാതെ സഹായത്തിനായി പരിശീലനം ലഭിച്ച വോളന്റിയർമാരും ചിത്രങ്ങൾ ഉൾപ്പെടുത്തിയ വോട്ടിംഗ് ഗൈഡും ഉണ്ടാകും.
പദ്ധതിയുടെ ഏകോപനത്തിനായി എന്‍.എച്ച്.എം. ഡി.പി.എം. ഡോ. ടി.എന്‍. അനൂപ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ എന്നിവരെ നോഡൽ ഓഫീസർമാരായി നിയോഗിച്ചു.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജയശ്രീ എസ്. വാരിയർ, ഡി.എം.ഒ. ഡോ. ടി.കെ. ജയന്തി തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. എല്ലാവരെയും ഉൾക്കൊള്ളുന്ന സുതാര്യമായ ജനാധിപത്യ പ്രക്രിയ ഉറപ്പാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.