മെസ്സി-യമാൽ പോരാട്ടം നീളും; പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഫൈനലിസിമ മാറ്റിവെച്ചു

പാരീസ്: ഫുട്ബോൾലോകം ആകാംക്ഷയോടെ കാത്തിരുന്ന ഫൈനലിസിമ പോരാട്ടം ഉണ്ടാകില്ല. പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മത്സരം റദ്ദാക്കിയതായി യുവേഫ അറിയിച്ചു. യൂറോപ്യൻ ചാമ്പ്യൻമാരായ സ്പെയിനും കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീനയും തമ്മിൽ ഖത്തറിലെ ദോഹയിൽ മാർച്ച് 27-നാണ് മത്സരിക്കേണ്ടിയിരുന്നത്. അർജന്റീന ലോകകിരീടം ഉയർത്തിയ ലുസെയ്ൽ സ്റ്റേഡിയത്തിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്.

യുദ്ധം നടക്കുന്നതിനാൽ ഖത്തറിലേക്ക് ടീമുകൾക്ക് എത്തുന്നതിനും സുരക്ഷ അടക്കമുള്ള കാര്യങ്ങളിലും പ്രതിസന്ധിയുണ്ടായിരുന്നു. മറ്റൊരു വേദിയിൽ മത്സരം നടത്താനുള്ള ആലോചനയുമുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിലും തീരുമാനമായില്ല. ഖത്തറിന് പകരം മാഡ്രിഡിലെ സാന്റിയാഗോ ബെർണബ്യൂവിൽ മത്സരം നടത്താൻ യുവേഫ നിർദേശിച്ചെങ്കിലും അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ അത് നിരസിക്കുകയായിരുന്നു. മത്സരം രണ്ട് പാദങ്ങളായി നടത്താനുള്ള നിർദേശവും അർജന്റീന തള്ളി. ഒടുവിൽ മാർച്ച് 31-ന് മത്സരം നടത്താമെന്ന് അർജന്റീന അറിയിച്ചെങ്കിലും സ്‌പെയിനിന്റെ തിരക്കേറിയ ഷെഡ്യൂൾ കാരണം ആ തീയതി പ്രായോഗികമല്ലെന്ന് യുവേഫ അറിയിക്കുകയായിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ ഒരു പൊതുവായ തീയതിയിലോ വേദിയിലോ ധാരണയിലെത്താൻ കഴിയാത്തതിനാൽ ഈ വർഷത്തെ ഫൈനലിസിമ ഔദ്യോഗികമായി റദ്ദാക്കുയാണെന്ന് യുവേഫ പ്രഖ്യാപിച്ചു.

കൗമാരപ്രതിഭ ലാമിൻ യമാലും ഇതിഹാസതാരം ലയണൽ മെസ്സിയും തമ്മിലുള്ള പോരാട്ടമായിട്ടാണ് ഇത്തവണത്തെ ഫൈനലിസിമ വിലയിരുത്തപ്പെട്ടിരുന്നത്. ലോകകപ്പിനു മുൻപ് ഇരുടീമിനും മികച്ചപരിശീലനമത്സരംകൂടിയായി ഇത് മാറുമായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}