വേങ്ങര: പ്രദേശവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സി.എച്ച്.സി) ഏപ്രിൽ ഒന്ന് മുതൽ കിടത്തിചികിത്സ ആരംഭിക്കുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയുടെ നിരന്തരമായ ഇടപെടലുകളെത്തുടർന്ന്, ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) അനുമതി നൽകിയതോടെയാണ് ഇതിന് വഴിയൊരുങ്ങിയത്.
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നേരത്തെ തന്നെ സജ്ജമാക്കിയിരുന്നെങ്കിലും, ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വലിയ പ്രതിസന്ധിയായിരുന്നു. പുതിയ അനുമതിയോടെ ഈ തടസ്സം നീങ്ങുകയും ചികിത്സാ സൗകര്യങ്ങൾ പൂർണ്ണതോതിൽ ലഭ്യമാവുകയും ചെയ്യും.
ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി) യോഗത്തിലാണ് കിടത്തിചികിത്സ തുടങ്ങാനുള്ള ഔദ്യോഗിക തീരുമാനമുണ്ടായത്. നിലവിൽ പ്രതിദിനം ആയിരത്തോളം രോഗികൾ എത്തുന്ന ഈ കേന്ദ്രത്തെ വരുംനാളുകളിൽ ഒരു താലൂക്ക് ആശുപത്രിയായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൻസൂർ കോയ തങ്ങൾ അറിയിച്ചു.
മെഡിക്കൽ ഓഫീസർമാർ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. വേങ്ങരയിലെയും പരിസര പ്രദേശങ്ങളിലെയും സാധാരണക്കാരായ രോഗികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം.