സ്ഥാനാർഥി വരും വരും... പക്ഷേ വരില്ല! താനൂരിൽ വൈറലായി സോഷ്യൽ മീഡിയ പരിഹാസം

താനൂർ: ‘മെസ്സി വരും, മെസ്സി വരും...’ എന്ന് പ്രതീക്ഷിച്ച് നിരാശയിലായത് പോലെയാണ് താനൂരിലെ ഇടതുപ്രവർത്തകർ ‘സ്ഥാനാർഥി വരും, സ്ഥാനാർഥി വരും’ എന്ന പ്രതീക്ഷയിൽ കഴിയുന്നതെന്ന് സോഷ്യൽമീഡിയയിൽ പരിഹാസം. സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി മൂന്ന് ദിവസമായിട്ടും എല്‍ഡിഎഫ് സ്ഥാനാർഥിയും സി.പി.എം സ്വതന്ത്രനുമായ വി.അബ്ദുറഹ്മാൻ താനൂരിൽ പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല.

മത്സരിക്കാന്‍ താല്പര്യം ഇല്ലെന്ന് അറിയിച്ചിട്ടും നിർബന്ധിപ്പിച്ചു സ്ഥാനാർഥി ആക്കിയതിൽ അബ്ദുറഹ്മാന് അതൃപ്തിയുണ്ടെന്നാണ് സൂചന. അബ്ദുറഹ്മാനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് സി.പി.എം നേതൃത്വം. എന്നാൽ, അദ്ദേഹം ഫോൺ എടുക്കാൻ പോലും തയാറല്ല എന്നാണ് അറിയുന്നത്. മാധ്യമപ്രവർത്തകർ വിളിച്ചിട്ടും അദ്ദേഹത്തെ ഫോണിൽ ലഭ്യമല്ല.

എൽ.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയിലെ സ്ഥാനാര്‍ഥികളെല്ലാവരും റോഡ് ഷോ അടക്കം നടത്തി സജീവ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍, അബ്ദുറഹ്മാനെ മാത്രം എവിടെയും കാണാനില്ല. സിപിഎം ജില്ലാ നേതാക്കള്‍ വിളിച്ചിട്ടും സംസാരിക്കാന്‍ അദ്ദേഹം തയ്യാറല്ല. അതേസമയം, ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് പ്രചാരണത്തിന് ഇറങ്ങാത്തതെന്നാണ് അബ്ദുറഹ്മാന്‍റെ അനുയായികള്‍ പറയുന്നത്.

സി.പി.എമ്മിന്റെ ഉരുക്കുകോട്ടയിൽ വിള്ളൽവീഴ്ത്തി മുതിർന്ന നേതാക്കൾ ഓരോന്നായി പുറത്തേക്ക് പോയതിന്റെ ക്ഷീണത്തിനിടയിലാണ് നിലവിലെ മന്ത്രി തന്നെ പിണങ്ങിക്കഴിയുന്നത് പാർട്ടിയെ വെട്ടിലാക്കിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ വിമതനായി മാറിയ ടി.കെ. ഗോവിന്ദന് പുറമെ ഇനി ആരൊക്കെയാണ് അടുത്തത് എന്നതിൽ അങ്കലാപ്പിലാണ് പാർട്ടി. ഇടഞ്ഞുനിൽക്കുന്ന ചില പ്രമുഖർ കണ്ണൂർ ജില്ലയിലുണ്ടെന്നും എന്തും സംഭവിക്കാമെന്നും കൃത്യമായി അറിയാവുന്ന നേതൃത്വം കരുതലോടെയാണ് എല്ലാം നോക്കിക്കാണുന്നത്.

പാർട്ടി ശക്തികേന്ദ്രമായ പയ്യന്നൂരിൽ തന്നെയാണ് അഗ്നിപർവതം കണക്കെ പൊട്ടിത്തെറിക്കാൻ ഇനിയും ചിലരുള്ളത്. ഒരു മുൻ എം.എൽ.എയും നഗരസഭ വൈസ് വൈസ് ചെയർപേഴ്സനും ഉൾപ്പെടുന്ന ഏതാനും പേരാണിവർ. പാർട്ടി പുറത്താക്കിയ മുൻ ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ അനുകൂലികളായാണ് ഇവർ അറിയപ്പെടുന്നത്. ധൻരാജ് ഫണ്ട് തട്ടിപ്പ് വിവാദത്തിൽ കുഞ്ഞികൃഷ്ണന് ഒപ്പം നിലകൊണ്ടവരാണ് ഇവർ. പയ്യന്നൂരിലെ പാർട്ടിയിൽ പയ്യന്നൂർ, വെള്ളൂർ എന്നീ വിഭാഗക്കാരുണ്ട്. പയ്യന്നൂർ ഔദ്യോഗിക പക്ഷവും വെള്ളൂർ വിമത വിഭാഗവുമായാണ് അറിയപ്പെടുന്നത്. വി. കുഞ്ഞികൃഷ്ണനും അനുകൂലികളും ഉൾപ്പെടുന്നതാണ് വെള്ളൂർ ഗ്രൂപ്പ്. ഇവർക്കു പുറമെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റും പാർട്ടി വിടുമെന്ന പ്രചാരണം ശക്തമാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}