മലപ്പുറം: മലപ്പുറം ജില്ലാ യുഡിഎഫ് ചെയർമാനായി കെപിസിസി സെക്രട്ടറി കെ.പി. അബ്ദുൽ മജീദിനെ തെരഞ്ഞെടുത്തു. ദീർഘകാലമായി കോൺഗ്രസ് രാഷ്ട്രീയത്തിലും സാമൂഹിക രംഗത്തും സജീവ സാന്നിധ്യമായ അദ്ദേഹം നിലവിൽ കെപിസിസി സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണ്.
കെഎസ് യു ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചാണ് അദ്ദേഹം രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിച്ചത്.
കഴിഞ്ഞ 23 വർഷമായി കെപിസിസി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരുന്നു. രാഷ്ട്രീയത്തിന് പുറമെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിലും അദ്ദേഹം സജീവമാണ്. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, ബിഎസ്എൻഎൽ അഡ്വൈസറി ബോർഡ് അംഗം, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാഡർ സൊസൈറ്റിയുടെ ഡയറക്ടർ എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
വേങ്ങര കുറ്റൂർ നോർത്ത് സ്വദേശിയായ കെ.പി. അബ്ദുൽ മജീദ്, കുറ്റൂർ നോർത്ത് ഹയർ സെക്കന്ററി സ്കൂളിലെ മുൻ അധ്യാപകനും നിലവിൽ ആ സ്കൂളിന്റെ മാനേജറുമാണ്. ഭാര്യ: ജാസ്മിൻ ടീച്ചർ.