വേങ്ങര: നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലായ വേങ്ങര മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സബാഹ് കുണ്ടുപുഴക്കലിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയിൽ.
മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളുമാണ് സാമൂഹ്യവിരുദ്ധർ തകർത്തത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സബാഹ് കുണ്ടുപുഴക്കലിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ ശക്തമായ പ്രചരണ പരിപാടികൾ നടന്നു വരികയായിരുന്നു. ഇതിനിടയിലാണ് രാത്രിയുടെ മറവിൽ ബോർഡുകൾ കീറി നശിപ്പിചിരിക്കുന്നത്. വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള പ്രധാന കവലകളിലെ ബോർഡുകളാണ് പ്രധാനമായും ലക്ഷ്യം വെച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പരാജയ ഭീതി പൂണ്ടവരാണ് ഇത്തരം പ്രവൃത്തികൾക്ക് പിന്നിലെന്ന് എൽ.ഡി.എഫ് പ്രാദേശിക നേതൃത്വം പ്രതികരിച്ചു. സംഭവത്തിൽ പോലീസിൽ പരാതി നൽകാനാണ് പ്രവർത്തകരുടെ തീരുമാനം. സമാധാനപരമായി നടക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കായികമായി നേരിടാനുള്ള ശ്രമം അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ഇടത് മുന്നണി ആവശ്യപ്പെട്ടു.