കോട്ടക്കൽ: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും സംയുക്തമായി സംഘടിപ്പിച്ച 'ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം സീസണിൽ കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിന് ഉജ്ജ്വല നേട്ടം. അവസാന റൗണ്ടിൽ സംസ്ഥാനത്തെ മികച്ച സെക്കൻഡറി സ്കൂളുകളുടെ പട്ടികയിൽ ഇടംപിടിച്ചാണ് കോട്ടൂർ സ്കൂൾ സ്പെഷ്യൽ ജൂറി പുരസ്കാരം കരസ്ഥമാക്കിയത്. തിരുവനന്തപുരം നേമത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും വിദ്യാലയ അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി.2.1 ലക്ഷം രൂപയുടെ ഐ.ടി ഉപകരണങ്ങളും ഫലകവുമാണ് പുരസ്കാരമായി ലഭിച്ചത്. സംസ്ഥാനത്ത് മികച്ച മാതൃകാപരമായ പ്രവർത്തനങ്ങളാണ് വിദ്യാലയത്തെ ഈ ഉന്നത നേട്ടത്തിലേക്ക് നയിച്ചത്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ്, നൂതന സാങ്കേതിക വിദ്യകളുടെ പ്രയോഗം, സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ എന്നിവ മുൻനിർത്തിയാണ് വിദ്യാലയം സ്പെഷ്യൽ ജൂറി പുരസ്ക്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.
ജൂറിയുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയ, വിദ്യാലയം നടപ്പിലാക്കിയ മാതൃകാപരമായ പദ്ധതികൾ :-ലേൺ വെൽ ഹബ്*: മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്
റഫറൻസിനും പഠനനിലവാരം ഉയർത്തുന്നതിനുമായി ഒരുക്കിയ നൂതന പഠനകേന്ദ്രം.
*കോട്ടൂർ ലിറ്ററേച്ചർ ഫെസ്റ്റ്*: 24,000-ത്തിലധികം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തുന്ന വിപുലമായ സാഹിത്യോത്സവം.
*പെപ് ടോക്ക്*: വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും വ്യക്തിത്വ വികാസത്തിനുമായി സംഘടിപ്പിക്കുന്ന പ്രത്യേക സെഷനുകൾ.
*കൂടെയുണ്ട് കോട്ടൂർ*: വിദ്യാലയം മാതൃകാപരമായി നടപ്പിലാക്കി വരുന്ന വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ.
സാങ്കേതിക വിദ്യയുടെ മികച്ച പ്രയോഗവും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുമാണ് കോട്ടൂർ സ്കൂളിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കിയത്. ഈ പുരസ്കാരം സ്കൂളിന് നൽകുന്നത് വലിയൊരു ആത്മവിശ്വാസമാണെന്നും, വരും വർഷങ്ങളിലും ഇത്തരം നൂതന പദ്ധതികളുമായി മുന്നോട്ട് പോകുന്നതിന് ഈ അംഗീകാരം പ്രചോദനം നൽകുമെന്നും പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡൻ്റ് കെ സുധീഷ് കുമാർ, ഡെപ്യൂട്ടി എച്ച്.എം കെ. സുധ, സ്റ്റാഫ് സെക്രട്ടറി കെ. ജൗഹർ, അധ്യാപകരായ പ്രദീപ് വാഴങ്കര, റാഫി തൊണ്ടിക്കൽ, ഗഫൂർ ഇരുമ്പൻ, കെ. ഷുഹൈബ്, ടി. ജാബിർ എന്നിവർ സംബന്ധിച്ചു.