ദോഹ: ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ ഭാഗമായി നടന്ന മിസൈൽ ആക്രമണത്തിനിടെ ഖത്തറിൽ മലയാളി യുവാവിന് പരിക്കേറ്റു. തൃശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണത്തിനിടെയാണ് സംഭവം.
ഖത്തർ വ്യോമപ്രതിരോധ സേന തകർത്തുവിട്ട മിസൈലിന്റെ ഭാഗങ്ങൾ ഹിഷാമിന് സമീപം വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് ഹിഷാമിന്റെ കൈകൾക്കും കാലുകൾക്കും സാരമായ പരിക്കേറ്റു.
അപകടം നടന്ന ഉടൻ തന്നെ ഹിഷാമിനെ ദോഹയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു.
മേഖലയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത തുടരുന്നതിനിടെയാണ് ഈ സംഭവം. ഹിഷാമിന് പരിക്കേറ്റ വാർത്തയറിഞ്ഞതോടെ വെങ്കിടങ്ങിലെ ബന്ധുക്കളും നാട്ടുകാരും വലിയ ആശങ്കയിലാണ്.