എ.ആർ നഗർ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി എ.ആർ നഗർ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് വളന്റിയർമാർ പുകയൂർ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് വീൽചെയറും ധനസഹായവും നൽകി. വളന്റിയർമാർക്കിടയിൽ നിന്ന് സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ചാണ് വീൽചെയർ വാങ്ങിയത്.
സമാഹരിച്ച തുകയുടെ കൈമാറ്റവും വീൽചെയർ സമർപ്പണവും സ്കൂൾ മാനേജർ അഡ്വ. ഉസ്മാൻ കുരിക്കൾ നിർവ്വഹിച്ചു. പുകയൂർ പാലിയേറ്റീവ് ഭാരവാഹികൾ ചടങ്ങിൽ സഹായം ഏറ്റുവാങ്ങി.
സ്കൂൾ പ്രിൻസിപ്പാൾ ഫായിസ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ അനിൽ കുമാർ, വാർഡ് മെമ്പർ നഫീസ ടീച്ചർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അമീർ അലി, പി.ടി.എ പ്രസിഡന്റ് മജീദ് എ.പി, സിദ്ധീഖ്, സി. ജലീൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിദ്യാർത്ഥികളുടെ ഈ മാതൃകാപരമായ പ്രവർത്തനം ഏറെ പ്രശംസ പിടിച്ചുപറ്റി.