വേങ്ങര: ലോകമെമ്പാടുമുള്ള വിശ്വാസികൾക്കൊപ്പം വേങ്ങരയിലും ചെറിയ പെരുന്നാൾ അത്യുത്സാഹപൂർവ്വം ആഘോഷിച്ചു. വേങ്ങര ടൗൺ എ.പി.എച്ച് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഈദ്ഗാഹിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിനായി ഒത്തുചേർന്നു. വേങ്ങര ടൗൺ സലഫി മസ്ജിദ് ചീഫ് ഇമാം നൗഫൽ അൻസാരി നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി.
വ്രതനാളുകളിൽ ആർജ്ജിച്ചെടുത്ത നന്മകളെ ജീവിതത്തിലേക്കും ചുറ്റുപാടുകളിലേക്കും പ്രസരിപ്പിക്കാൻ വിശ്വാസിസമൂഹം തയ്യാറാകണമെന്ന് പെരുന്നാൾ സന്ദേശത്തിൽ നൗഫൽ അൻസാരി ആഹ്വാനം ചെയ്തു. പ്രവാചക മാതൃക സ്വീകരിച്ചുകൊണ്ട് പുതുവസ്ത്രങ്ങൾ അണിഞ്ഞും സുഗന്ധം പൂശിയും തക്ബീർ ധ്വനികൾ മുഴക്കിയുമാണ് വിശ്വാസികൾ ഈദ്ഗാഹിലേക്ക് എത്തിയത്.
നമസ്കാരത്തിന് മുന്നോടിയായി ലഘുഭക്ഷണം കഴിച്ചും, നമസ്കാര ശേഷം പരസ്പരം ആലിംഗനം ചെയ്തും വിശ്വാസികൾ സന്തോഷം പങ്കിട്ടു. എൻ.ടി. അബ്ദുറഹിമാൻ, എ.ബി.സി മുജീബ്, കെ. അബ്ബാസ് അലി, കെ. ഹാറൂൺ റഷീദ്, കെ.വി. മുഹമ്മദ്, സി.ടി. ഹംസ, സി.ടി. മൊയ്തീൻ, എൻ.ടി. മുഹമ്മദ് ശരീഫ്, എം.ടി. ബാബു, കാപ്പിൽ അബ്ദുറഹ്മാൻ, സി.പി. കുഞ്ഞുമുഹമ്മദ്, പി. അവറാൻ കുട്ടി, തടത്തിൽ അബ്ദുൽ അസീസ്, ആബിദ് സലഫി, നബീൽ സ്വലാഹി, ഫർഹാൻ തുടങ്ങിയവർ ഈദ്ഗാഹിന് നേതൃത്വം നൽകി.
മനാറുൽ ഹുദാ അറബിക് കോളേജ് എം.എസ്.എം ബാലവേദിയുടെ വകയായി ഈദ് കാർഡുകളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. സാഹോദര്യം പുതുക്കി വിശ്വാസികൾ പരസ്പരം ആശംസകൾ കൈമാറിയതോടെ രാവിലെ എട്ടു മണിയോടെ ഈദ്ഗാഹ് പര്യവസാനിച്ചു.