പക്ഷിപ്പനി നിയന്ത്രിക്കാൻ കൂട്ടത്തോടെയുള്ള കള്ളിങ്; കോഴിക്കോട് 14,228 പക്ഷികളെ കൊന്നു നശിപ്പിക്കുന്നു

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ പക്ഷികളെ കൊന്നൊടുക്കുന്ന (കള്ളിങ്) പ്രവർത്തനം തുടങ്ങി. രാജ്യാന്തര, ദേശീയ തലങ്ങളിൽ നിലവിലുള്ള പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോളിന്റെ ഭാഗമായി രോഗം കണ്ടെത്തിയ സ്ഥലത്തിന്റെ (പ്രഭവ കേന്ദ്രം) ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തു പക്ഷികളെ കൊന്നൊടുക്കുന്ന കള്ളിങ്ങാണ് ശനിയാഴ്ച രാവിലെ തുടങ്ങിയത്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പും ജില്ലാഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 14,228 വളർത്തു പക്ഷികളെയാണ് കൊന്നു നശിപ്പിക്കുന്നത്. ഇതിനായി 20 സംഘങ്ങളെ നിയോഗിച്ചതായി ചീഫ് വെറ്ററിനറി ഓഫിസർ സിബി കെ.ചാക്കോ മനോരമ ഓൺലൈനോട് പറഞ്ഞു. നിലവിൽ രോഗം സ്ഥിരീകരിച്ച ഒളവണ്ണ പഞ്ചായത്തിലെ വാർഡ് ആറ്, കക്കോടി പഞ്ചായത്തിലെ വാർഡ് നാല്, പനങ്ങാട് പഞ്ചായത്തിലെ വാർഡ് 15, പെരുമണ്ണ പഞ്ചായത്തിലെ വാർഡ് 15, കോർപറേഷൻ പരിധിയിലെ വാർഡ് 44 നല്ലളം എന്നിവിടങ്ങളിൽ നാലു വീതം ആർആർടി ടീമുകളെയാണ് രംഗത്തിറക്കിയത്.

കള്ളിങ്ങിൽ ഉൾപ്പെടാതെ പോയ പക്ഷികളെ കണ്ടെത്തി കൊല്ലുന്ന ‘മോപ്പിങ്’, ഉടമസ്ഥർ ഒളിപ്പിച്ചതും മറ്റിടങ്ങളിലേക്ക് കടത്തിയതും ആയ പക്ഷികൾ ഉണ്ടെങ്കിൽ അവയെ കണ്ടുപിടിച്ച് നശിപ്പിക്കുന്ന ‘കോംബിങ്’ തുടങ്ങിയ പ്രതിരോധപ്രവർത്തനങ്ങൾ രണ്ടാം ഘട്ടമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പും ജില്ലാഭരണകൂടവും ചേർന്ന് നടപ്പിലാക്കും. ജില്ലയിൽ പക്ഷികൾ കൂട്ടത്തോടെ ചത്തതിന്റെ അടിസ്ഥാനത്തിൽ ജന്തുരോഗ നിയന്ത്രണ പദ്ധതി കാര്യാലയത്തിൽ നിന്നും ഭോപാൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ അയച്ച അഞ്ചു സാംപിളാണ് ഹൈ പത്തോജനിക് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. നിലവിൽ പക്ഷികളിൽ മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പ്രഭവ കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ള സർവൈലൻസ് സോണിൽ ഉൾപ്പെടുന്ന തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ താറാവ്, കോഴി, കാട, മറ്റു വളർത്തു പക്ഷികൾ, അവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസൺ മീറ്റ്, മറ്റ് ഉൽപന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ജില്ലാ കലക്ടർ നിരോധിച്ചിട്ടുണ്ട്.

അതേസമയം പക്ഷിപ്പനിയിൽ ഭീതി വേണ്ടെന്നും ജാഗ്രത ഉറപ്പാക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ശരിയായ രീതിയിൽ പാകം ചെയ്ത കോഴി, താറാവ്, കാട എന്നിവയുടെ മുട്ട, ഇറച്ചി എന്നിവ കഴിക്കുന്നതിൽ ഭീതി വേണ്ട. ഇറച്ചിയിൽ വൈറസ് സാന്നിധ്യം ഉണ്ടെങ്കിൽ 70 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുമ്പോൾ മൂന്ന് മുതൽ അഞ്ച് മിനിറ്റിനകം പക്ഷിപ്പനി വൈറസുകൾ നശിക്കും. പച്ചമുട്ട കുടിക്കുന്നതും ബുൾസ്ഐ പോലുള്ള പാതിവെന്ത വിഭവങ്ങളും പകുതി വെന്ത ഇറച്ചിയും മുട്ടയും പൂർണമായും ഒഴിവാക്കണം. ചില ഘട്ടങ്ങളിൽ രൂപമാറ്റം സംഭവിച്ചു മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഉണ്ടെന്നതിനാൽ ചത്തകോഴികളെ/പക്ഷികളെ കൈകാര്യം ചെയ്യുമ്പോഴും കോഴികളെ കശാപ്പു ചെയ്യുമ്പോഴും ജാഗ്രത പാലിക്കണം.

കയ്യുറകളും മുഖാവരണങ്ങളും വ്യക്തി ശുചിത്വ മാർഗങ്ങളും രോഗവ്യാപനം തടയും. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, പക്ഷികളെ പരിപാലിക്കുന്നവർ, വളർത്തുപക്ഷികളെ കൈകാര്യം ചെയ്യുന്നവർ, പക്ഷികളെ കശാപ്പു ചെയ്യുന്നവർ, പാചകക്കാർ, വെറ്ററിനറി ഡോക്ടർമാർ, ജീവനക്കാർ എന്നിവർ രോഗബാധ ഏൽക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളണം. പൊതുജനങ്ങളുടെ സംശയ നിവാരണത്തിന് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഫോൺ: 0495-2762050.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}