വേങ്ങര: കുട്ടികളെ മൊബൈൽ ഫോൺ അമിത ഉപയോഗത്തിൽ നിന്നും ലഹരി വിപത്തുകളിൽ നിന്നും അകറ്റി കായിക വിനോദങ്ങളിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ വേങ്ങര ഗ്രാമപഞ്ചായത്ത് 17-ാം വാർഡിൽ കുട്ടികൾക്കായി ഫുട്ബോൾ വിതരണം നടത്തി. വാർഡിലെ കുട്ടികളെ ഒരുമിച്ച് ചേർത്ത് സംഘടിപ്പിച്ച വിപുലമായ പരിപാടി വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ സബ്ന ഇബ്രാഹീം ഉദ്ഘാടനം ചെയ്തു.
മൊബൈൽ സ്ക്രീനുകൾക്ക് മുന്നിൽ സമയം ചിലവഴിക്കാതെ കളിസ്ഥലങ്ങളിലേക്ക് ഇറങ്ങാൻ കുട്ടികൾ തയ്യാറാകണമെന്ന് സബ്ന ഇബ്രാഹീം ആഹ്വാനം ചെയ്തു. വേനലവധി കാലം കായികക്ഷമത വർദ്ധിപ്പിക്കാനും സൗഹൃദങ്ങൾ പുതുക്കാനുമുള്ള അവസരമാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ വേങ്ങര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സുരേഷ് കെ. മുഖ്യാതിഥിയായിരുന്നു. ലഹരിക്കെതിരായ ബോധവൽക്കരണവും മൊബൈൽ അഡിക്ഷൻ ഒഴിവാക്കുന്നതിനെക്കുറിച്ചും അദ്ദേഹം കുട്ടികൾക്കായി ക്ലാസ് നയിച്ചു. നവോദയ കേന്ദ്ര വിദ്യാലയ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുറുങ്ങോടത്തിൽ ആദിഷിനെ (ലാലുവിന്റെ മകൻ) ചടങ്ങിൽ ആദരിച്ചു.
എ.കെ.എ നസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.എം മമ്മുദു ഹാജി, എ.കെ അലവി, ചെമ്പൻ ഹമീദ്, ഇബ്രാഹീം അടക്കാപുര, അജ്മൽ ഇരുമ്പൻ, മഹ്‌റൂഫ് പി, ഇല്യാസ്, ലാലു, യൂനുസ് എ.കെ, മാലൂഫ് എ.കെ, ബാസിത് പി.കെ തുടങ്ങിയവർ സംബന്ധിച്ചു. അവധിക്കാലം ആഘോഷമാക്കാൻ പുതിയ പന്തുകൾ ലഭിച്ച ആവേശത്തിലാണ് വാർഡിലെ കുട്ടിക്കൂട്ടങ്ങൾ.