ചരിത്രം ഉറങ്ങുന്ന ഹജൂർ കച്ചേരിക്ക് മുന്നിൽ 'വാഹന ശ്മശാനം'; പൊലീസിനെതിരെ പ്രതിഷേധം ഇരമ്പുന്നു

തിരൂരങ്ങാടി: മലപ്പുറത്തിന്റെ ചരിത്രസ്മരണകൾ ഇരമ്പുന്ന ചെമ്മാട് ഹജൂർ കച്ചേരി മ്യൂസിയം പരിസരം വാഹനങ്ങൾ തള്ളാനുള്ള കേന്ദ്രമാക്കി മാറ്റിയ തിരൂരങ്ങാടി പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മ്യൂസിയം കവാടത്തിന് മുന്നിൽ നൂറോളം ബൈക്കുകളും ഓട്ടോറിക്ഷകളും കൂട്ടത്തോടെ കൊണ്ടിട്ടിരിക്കുന്നത് പൈതൃക കേന്ദ്രത്തിന്റെ ഭംഗി നശിപ്പിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ആരോപിച്ചു.

ബ്രിട്ടീഷ് ഭരണകാലത്തെ നിർമ്മാണ വൈദഗ്ധ്യം നിലനിർത്തി നവീകരിച്ച ഹജൂർ കച്ചേരി കെട്ടിടം കാണാൻ ദിവസേന നിരവധി ചരിത്രപ്രേമികളും വിദ്യാർത്ഥികളുമാണ് എത്തുന്നത്. എന്നാൽ, ടിക്കറ്റെടുത്ത് അകത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് പോലും വാഹനങ്ങൾക്കിടയിലൂടെ നൂഴ്ന്നു വേണം മ്യൂസിയം ഗേറ്റിന് മുന്നിലെത്താൻ. അപകടത്തിൽപ്പെട്ട വാഹനങ്ങളും തൊണ്ടിമുതലായി പിടിച്ചെടുത്തവയുമാണ് മ്യൂസിയത്തിന്റെ കവാടം മറയ്ക്കുന്ന രീതിയിൽ അലക്ഷ്യമായി തള്ളിയിരിക്കുന്നത്.

പഴയ സി.ഐ ഓഫീസ് കോമ്പൗണ്ട് ഉൾപ്പെടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ടൗണിൽ സൗകര്യങ്ങൾ ഉണ്ടായിരിക്കെ, ചരിത്ര പ്രാധാന്യമുള്ള ഒരു കേന്ദ്രത്തെ തന്നെ ഇതിനായി തിരഞ്ഞെടുത്തത് പൈതൃകത്തോടുള്ള അവഗണനയാണെന്ന് യൂത്ത് ലീഗ് വിമർശിച്ചു.

 "മ്യൂസിയത്തിലെത്തുന്ന സന്ദർശകർക്ക് വണ്ടി പാർക്ക് ചെയ്യാൻ പോലും സ്ഥലമില്ലാത്ത രീതിയിൽ ബൈക്കുകളും ഓട്ടോകളും കുത്തിനിറച്ചിരിക്കുന്നത് സാംസ്കാരിക പൈതൃകത്തോടുള്ള വെല്ലുവിളിയാണ്. പൊലീസിന്റെ ഈ ദുരുദ്ദേശപരമായ നീക്കത്തിനെതിരെ തിരൂരങ്ങാടി എസ്.എച്ച്.ഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്. അടിയന്തരമായി വാഹനങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി യൂത്ത് ലീഗ് മുന്നോട്ട് പോകും.- 
യു.എ റസാഖ് (പ്രസിഡന്റ്, മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി)

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഓർമ്മകൾ സൂക്ഷിക്കുന്ന കേന്ദ്രത്തിന് മുന്നിലെ ഈ 'വാഹന ശ്മശാനം' എത്രയും വേഗം ഒഴിപ്പിക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}