കേരളത്തിലെ സ്കൂൾ പ്രവേശനം മാറുന്നു; ഇനി 5 വയസ്സിൽ ഒന്നാം ക്ലാസ് ഉണ്ടാകില്ല!

തിരുവനന്തപുരം: സ്‌കൂളുകളിലെ ഒന്നാംക്ലാസ് പ്രവേശനം ആറു വയസ്സാക്കാൻ ഒരുവർഷത്തെ തയ്യാറെടുപ്പിന് കേരളം. സംസ്ഥാനത്തെ സ്‌കൂൾപ്രവേശനം ദേശീയ വിദ്യാഭ്യാസ സമ്പ്രദായവുമായി പൊരുത്തപ്പെടാൻ 2027-28 അധ്യയനവർഷംമുതൽ ആറുവയസ്സ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.സി.ഇ.ആർ.ടി. പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി.

പരിഷ്‌കാരം നടപ്പാക്കാൻ അഞ്ചുവയസ്സുള്ള ഒരുലക്ഷത്തോളം കുട്ടികളെ സ്‌കൂളിൽനിന്നു മാറ്റിനിർത്തേണ്ടിവരും. ഇവർക്ക് പ്രീ-സ്‌കൂൾ സേവനം ലഭ്യമാക്കാനാണ് ശുപാർശ.

കുട്ടികളെ ഒന്നാം ക്‌ളാസിൽ ചേർക്കുന്ന പരമ്പരാഗതരീതി മാറുമ്പോൾ രക്ഷിതാക്കൾക്കുണ്ടാവുന്ന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാൻ ബോധവത്കരണം സംഘടിപ്പിക്കണമെന്നും എസ്.സി.ഇ.ആർ.ടി. ആവശ്യപ്പെട്ടു. ആറുമുതൽ 14 വരെ വയസ്സുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനാണ് 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ. ഒന്നാംക്ലാസ് പ്രവേശനം ആറു വയസ്സാക്കാൻ 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലും(എൻ.ഇ.പി.) നിർദേശമുണ്ട്.

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ഇങ്ങനെ മാറിക്കഴിഞ്ഞു. കേന്ദ്രസർക്കാർ നിരന്തരം കത്തയച്ചിട്ടും കേരളം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഡൽഹിയും കർണാടകവും നടപ്പാക്കാനുണ്ടെങ്കിലും മാറ്റത്തിനുള്ള നടപടികൾ ഈ സംസ്ഥാനങ്ങളിൽ തുടങ്ങിക്കഴിഞ്ഞു. 

കുട്ടികളുടെ മസ്തിഷ്‌കവികാസത്തിന്റെ 85 ശതമാനത്തിലേറെയും ആറു വയസ്സിനുമുൻപാണ് സംഭവിക്കുന്നത്. ഈ നിർണായകഘട്ടം അക്ഷരാഭ്യാസം പോലുള്ള ഔപചാരിക പഠനത്തിനു പകരം കളി അധിഷ്ഠിത സാമൂഹിക-വൈകാരിക കഴിവുകൾ വികസിപ്പിക്കാൻ വിനിയോഗിക്കണമെന്നാണ് എസ്.സി.ഇ.ആർ.ടി.യുടെ അഭിപ്രായം. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ആഗോള നിലവാരവുമായി സമന്വയിപ്പിക്കാൻ മാറ്റം സഹായിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് റിപോർട്ട് ചെയ്യുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}