വള്ളിക്കുന്ന്: തിരൂർ-കടലുണ്ടി റോഡിലെ പൊതുമരാമത്ത് നടപ്പാതയും ബസ് കാത്തിരിപ്പ് കേന്ദ്രവും കയ്യേറിയതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. കയ്യേറ്റക്കാർക്കെതിരെ പൊതുമരാമത്ത് വകുപ്പ് നിയമനടപടികൾ ആരംഭിച്ചതിനിടെ, നിലവിലുള്ള ബസ് സ്റ്റോപ്പ് തകർക്കാൻ സാമൂഹിക വിരുദ്ധർ ഗൂഢശ്രമം നടത്തുന്നതായി പരാതി ഉയർന്നു.
പഴക്കമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിൽ വലിയ കരിങ്കല്ലുകൾ കയറ്റി വെച്ച നിലയിലാണ് നിലവിലുള്ളത്. ബസ് സ്റ്റോപ്പ് തനിയെ പൊളിഞ്ഞു വീണതാണെന്ന് വരുത്തിതീർക്കാനാണ് ഇത്തരത്തിൽ കരിങ്കല്ലുകൾ മുകളിൽ കയറ്റി വെച്ചിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. തിരക്കേറിയ റോഡിൽ യാത്രക്കാർ നിൽക്കുന്ന ബസ് സ്റ്റോപ്പിന് മുകളിൽ ഇത്തരത്തിൽ കല്ലുകൾ വെച്ചത് പൊതുജനങ്ങളുടെ ജീവന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
നടപ്പാത കയ്യേറിയ കച്ചവടക്കാർക്ക് പൊതുമരാമത്ത് റോഡ്സ് വിഭാഗം നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത് നടപടികളെ ബാധിച്ചു. കയ്യേറ്റം ഒഴിയണമെന്ന് അധികൃതർ കർശനമായി അറിയിച്ചിരുന്നെങ്കിലും കച്ചവടക്കാർ തയ്യാറായിട്ടില്ലെന്ന് മാത്രമല്ല, റോഡിലേക്ക് സാധനങ്ങൾ ഇറക്കിവെക്കുന്നത് തുടരുകയുമാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബസ് സ്റ്റോപ്പ് തകർക്കാനുള്ള നീക്കം നടക്കുന്നത്.
പൊതുജനങ്ങളുടെ ജീവന് ഭീഷണിയുയർത്തുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെയും കയ്യേറ്റക്കാർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത്, പി.പി. സുബൈർ ആനങ്ങാടി എന്നിവർ പൊതുമരാമത്ത് വകുപ്പിനും വള്ളിക്കുന്ന് പഞ്ചായത്തിനും പരാതി നൽകി. കയ്യേറ്റം അടിയന്തരമായി ഒഴിപ്പിക്കണമെന്നും പൊതുമുതൽ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.