കോഴിക്കോട് കുന്നമംഗലത്ത് വീടിനുള്ളിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. പടക്ക നിർമ്മാണത്തിനിടയാണ് സ്ഫോടനം ഉണ്ടായത്. വീട്ടുടമസ്ഥൻ രാഹുൽ, സഹോദരി ഭർത്താവായ രാഹുൽ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സ്ഫോടനത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിന്റെ ശബ്ദം അര കിലോമീറ്റര് ദൂരെ വരെ കേട്ടതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ അഞ്ചുമാസമായി ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്തുനിന്ന് ഓലപ്പടക്കത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വീടിനുള്ളിൽ വലിയ തോതിൽ വെടിമരുന്ന് സൂക്ഷിച്ചതായി കരുതുന്നു. വിഷു വിപണി മുന്നിൽകണ്ട് വീട് വാടകക്കെടുത്ത് പടക്ക നിർമ്മാണം നടത്തുകയായിരുന്നു എന്നാണ് വിവരം.