മക്ക: ഈ വർഷത്തെ ഹജ്ജ് സീസൺ സുരക്ഷിതവും സുഗമവുമാക്കുന്നതിെൻറ ഭാഗമായി കർശന നിയന്ത്രണങ്ങളുമായി സൗദി ആഭ്യന്തര മന്ത്രാലയം. ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നവരെ മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ കൊണ്ടുപോകുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. ദുൽഖഅ്ദ് ഒന്ന് മുതൽ ദുൽഹജ്ജ് 14 വരെയുള്ള കാലയളവിൽ മക്കയിലേക്ക് ഇത്തരം അനധികൃത യാത്രക്കാരെ എത്തിക്കുന്നവർക്കെതിരെ കടുത്ത നടപടികളുണ്ടാകും.
ഹജ്ജ് വിസകളൊഴികെ മറ്റ് സന്ദർശന വിസകളിൽ എത്തുന്നവരെ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതും കുറ്റകരമാണ്. നിയമലംഘനം നടത്തുന്നവർക്ക് പിഴ ചുമത്തുന്നതിനോടൊപ്പം തന്നെ അവർ സഞ്ചരിച്ച വാഹനങ്ങൾ കണ്ടുകെട്ടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജ് ചട്ടങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ ഒഴിവാക്കി സുരക്ഷിതമായ ഒരു തീർത്ഥാടന കാലം പൂർത്തിയാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.