കോട്ടക്കൽ: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഐക്യ 2.O യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന "കലൈക്കോട്ട" ഇൻ്റർസോൺ കലോത്സവം ഏപ്രിൽ: 16 മുതൽ 20 വരെ കോട്ടക്കൽ ഫാറൂഖ് ആർട്സ് & സയൻസ് കോളേജിൽ തുടക്കമാവും. അഞ്ച് ജില്ലകളിൽ നിന്ന് അഞ്ച് ദിവസങ്ങളിലായി അഞ്ച് വേദികളിൽ നടക്കുന്ന 106 ഇനം മത്സരങ്ങളിൽ 5936 വിദ്യാർത്ഥികൾ മാറ്റുരക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ സോണൽ മത്സരങ്ങളിൽ ഒന്ന്, രണ്ട് സ്ഥാനം നേടി യോഗ്യരായവരും അപ്പീൽ മുഖേന എത്തുന്നവരുമാണ് ഇൻ്റർസോൺ മത്സരത്തിൽ പങ്കെടുക്കുന്നത്. കലോത്സവത്തെ വിദ്യാർത്ഥി സൗഹൃദമാക്കാനുള്ള തയ്യാറെടുപ്പുകളാണ് സംഘാടകസമിതി നടത്തി കൊണ്ടിരിക്കുന്നതെന്ന് ചെയർമാൻ കെ.കെ നാസർ പറഞ്ഞു. കലോത്സവത്തിൻ്റെ വിളംബരമോതി ഏപ്രിൽ: 13ന് കോട്ടക്കൽ ടൗണിൽ മെഗാ ലോഗോ റിവീലിംഗ് സംഘടിപ്പിച്ചു. 15ന് കോളേജിൽ വെച്ച് ഇൻഫ്ലുവെൻസേഴ്സ് സംഘടിപ്പിക്കും. 16, 17 തീയ്യതികളിൽ സ്റ്റേജിതര മത്സരങ്ങളും അന്നേ ദിവസം മുതൽ 20 വരെ സ്റ്റേജ് മത്സരങ്ങളുമാണ് നടത്തപ്പെടുന്നത്. 16ന് രാവിലെ 10 മണിക്ക് സ്റ്റേജിതര മത്സരങ്ങളുടെ യും ഉദ്ഘാടനവും കലോത്സവത്തിൻ്റെ ഔപചാരിക ഉദ്ഘാടനം 17ന് രാത്രി 7 മണിക്കും നടത്തപ്പെടും. ജനപ്രതിനികളും പ്രമുഖ കലാകാരന്മാരും പങ്കെടുക്കും.
കലോത്സവത്തിൻ്റെ മുന്നോടിയായി
വളരെ വിപുലമായ ഒരുക്കങ്ങളാണ് ഫാറൂഖ് കോളേജിൽ നടന്നു കൊണ്ടിരിക്കുന്നത്. മത്സരാർത്ഥികൾക്ക് താമസിക്കാനായി ഫാറൂഖ് കോളേജും മാനേജ്മെൻ്റിന് കീഴിലുള്ള മറ്റു സ്ഥാപനങ്ങളും ഒരുക്കിയിട്ടുണ്ട്.
മത്സരാർത്ഥികൾക്ക് മുഴുവൻ വിവരങ്ങളും ലഭ്യമാവുന്ന ക്യൂ.ആർ കോഡോട് കൂടിയ ഐ.ഡി കാർഡ്, യഥാസമയം മത്സര ഫലങ്ങൾ, കോളേജ് അടിസ്ഥാനത്തിലുള്ള സ്കോർ ബോർഡ്, വ്യക്തികത പ്രതിഭകളുടെ വിവരങ്ങൾ, വിജയികളുടെ ഫോട്ടോ പതിച്ച പോസ്റ്റർ, കലോത്സവ ഫോട്ടോ ഗാലറി തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് കലോത്സവം സംഘടിപ്പിക്കുന്നത്.
ഇന്റർസോൺ കലോത്സവത്തിൻ്റെ സമാധാനപരമായ നടത്തിപ്പിന് മതിയായ പോലീസ് സംരക്ഷണം നൽകുന്നതിന് യൂണിയൻ ചെയർപേഴ്സൺ പി.കെ.ഷിഫാന നൽകിയ ഹർജിയിൽ കേരള ഹൈക്കോടതി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. നഗരിയിൽ പ്രത്യേക പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. കലോത്സവ വേദികളും പരിസരവും 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണത്തിലാകും. 78 ക്യാമറകൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. എം.എസ്.എഫ് മെഡിഫെഡ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ സമയ ഡോക്ടർമാരുടെയും ആംബുലൻസിൻ്റെയും സേവനം ഉണ്ടായിരിക്കുന്നതാണ്. മത്സരാർത്ഥികൾക്കും ഒഫീഷ്യൽസിനും വളണ്ടിയേഴ്സിനും ഭക്ഷണ വിതരണത്തിനുള്ള പാചകപുര കലോത്സവ നഗരിയിൽ തയ്യാറാക്കിയിട്ടുണ്ട്. ഒരേ സമയം 500 പേർക്ക് ഭക്ഷണം കഴിക്കാവുന്ന പന്തലാണ് ഒരുക്കിയിട്ടുള്ളത്.
വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാനും കോട്ടക്കൽ മുനിസിപ്പൽ ചെയർമാനുമായ കെ.കെ.നാസർ, യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ പി.കെ.ഷിഫാന, ജനറൽ സെക്രട്ടറി സുഫിയാൻ വില്ലൻ, സംഘാടക സമിതി ഭാരവാഹികളായ പറപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് പറമ്പത്ത്, കോളേജ് പ്രിൻസിപ്പൽ ഡോ. എം.അബ്ദുൽ അസീസ്, പരവക്കൽ ഉസ്മാൻകുട്ടി, ടി കുഞ്ഞു, തൈക്കാടൻ ഹനീഫ, വി.എ.വഹാബ്, ടി.പി. മുജീബ്, സഫ്‌വാൻ പത്തിൽ, കോളേജ് യൂണിയൻ ചെയർമാൻ അഹമ്മദ് ജാസിർ.കെ എന്നിവർ പങ്കെടുത്തു.