അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ചത്തെ അവധി നൽകാൻ വനിതാ ശിശു വികസന വകുപ്പ് തീരുമാനിച്ചു. ശക്തമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിന്റെ ഭാഗമായാണ് നടപടി.
അങ്കണവാടികളുടെ മറ്റു പ്രവർത്തനങ്ങൾ പതിവുപോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെൻററി ന്യൂട്രീഷൻ വീടുകളിൽ എത്തിക്കുമെന്നും അറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് ശക്തമായ ചൂട് തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥയിൽ മാറ്റം ഉണ്ടാകുന്നത് വരെ കുട്ടികളെ നിർബന്ധിച്ച് അംഗണവാടികളിൽ വരുത്തേണ്ടതില്ല എന്ന് നേരത്തെ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. കൃത്യമായ വായു സഞ്ചാരമില്ലാത്തതും ടിൻ ഷീറ്റ് മേൽകൂരയുള്ളതും സൗകര്യങ്ങൾ കുറവുള്ളതുമായ അംഗണവാടികൾ പ്രവർത്തിക്കുന്നില്ല എന്ന് വനിതാ ശിശു വികസന വകുപ്പ് ഉറപ്പാക്കണം.