വേങ്ങര: കടലുണ്ടിപ്പുഴയിൽ ജലനിരപ്പ് താഴ്ന്ന് മണൽതിട്ടകൾ ഉയരുന്ന സാഹചര്യത്തിൽ, പുഴയിൽ നിന്നുള്ള കാർഷിക ജലസേചനം അടിയന്തരമായി നിർത്തിവെക്കണമെന്ന് വേങ്ങര സ്കീം ലെവൽ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തുന്ന പമ്പിങ് മേഖലയിലെ കുടിവെള്ള വിതരണത്തെ സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ അഭ്യർത്ഥന.
പറപ്പൂർ കല്ലക്കയത്തെ ഇറിഗേഷൻ പമ്പ് ഹൗസിൽ നിന്നും കനാൽ വഴി കാർഷികവൃത്തിക്കായി വൻതോതിൽ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. എന്നാൽ കടുത്ത വേനൽ അനുഭവപ്പെടുന്ന ഈ സമയത്ത് ഇത്തരത്തിൽ വെള്ളം മാറ്റുന്നത് കുടിവെള്ള ലഭ്യത കുറയാൻ കാരണമാകുന്നു. ഇതേ പുഴക്കടവിലുള്ള വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിനെ ആശ്രയിച്ചാണ് വേങ്ങര, ഊരകം, പറപ്പൂർ, കണ്ണമംഗലം എന്നീ നാല് ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള വിതരണം നടക്കുന്നത്.
പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ വാട്ടർ അതോറിറ്റിയുടെ പമ്പിങ് തടസ്സപ്പെടുന്ന അവസ്ഥയാണുള്ളത്. ഇത് ആയിരക്കണക്കിന് കുടുംബങ്ങളെ കടുത്ത ജലക്ഷാമത്തിലേക്ക് നയിക്കും. അതിനാൽ, ജനങ്ങളുടെ കുടിവെള്ളത്തിന് മുൻഗണന നൽകിക്കൊണ്ട് ഇറിഗേഷൻ പമ്പിങ് താൽക്കാലികമായി നിർത്തിവെക്കാൻ അധികൃതർ തയ്യാറാകണമെന്ന് സൊസൈറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ നാല് പഞ്ചായത്തുകളിലെയും ഭരണസമിതി അംഗങ്ങൾ അടിയന്തരമായി ഇടപെടണമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും വേങ്ങര സ്കീം ലെവൽ എക്സിക്യൂട്ടീവ് കമ്മിറ്റി (SLEC) ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.