തിരൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ ഓടിക്കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ വീണ് യാത്രക്കാരന് ഗുരുതര പരിക്ക്. മംഗലാപുരം സ്വദേശി ഹംസ (60) ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇദ്ദേഹത്തിന്റെ വലതുകൈ അറ്റുപോയതായാണ് വിവരം.
തിങ്കളാഴ്ച തിരൂർ റെയിൽവേ സ്റ്റേഷനിൽ ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലേക്ക് കയറാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. സ്റ്റേഷനിൽ നിന്ന് ട്രെയിൻ എടുത്തു തുടങ്ങിയ സമയത്ത് ഓടിക്കയറാൻ ശ്രമിച്ച ഹംസ കാൽ വഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ റെയിൽവേ പോലീസും യാത്രക്കാരും ചേർന്ന് ഇദ്ദേഹത്തെ പുറത്തെടുത്തു.
ഗുരുതരമായി പരിക്കേറ്റ ഹംസയെ ഉടൻ തന്നെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് ട്രെയിൻ അൽപ്പസമയം സ്റ്റേഷനിൽ നിർത്തിയിട്ടു. പ്ലാറ്റ്‌ഫോമുകളിലെ തിരക്കും ട്രെയിനിൽ ഓടിക്കയറാനുള്ള ശ്രമവുമാണ് പലപ്പോഴും ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നത്.