കോട്ടക്കൽ: സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോട്ടക്കൽ ഈസ്റ്റ് വില്ലൂരിൽ സംഘടിപ്പിച്ച ‘ഡിജിറ്റൽ ഹെൽപ്പ് ഹബ്ബ്’ (DIGITAL HELP HUB) ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാർഡ് കൗൺസിലർ ഷഹാന ഷഫീറിന്റെ നേതൃത്വത്തിലാണ് ഈസ്റ്റ് വില്ലൂരിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്. നിരവധി ആളുകളാണ് വിവിധ സർക്കാർ സേവനങ്ങൾക്കായി ക്യാമ്പിലെത്തിയത്.
പൊതുജനങ്ങൾക്ക് സാമ്പത്തിക ലാഭവും സമയലാഭവും ഉറപ്പാക്കുന്ന രീതിയിലായിരുന്നു ക്യാമ്പിന്റെ ക്രമീകരണം. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കെട്ടിട നികുതി 5% ഇളവോടെ അടയ്ക്കാനുള്ള സൗകര്യം ക്യാമ്പിൽ ഒരുക്കിയിരുന്നു. കൂടാതെ, 2024 ഡിസംബർ 31-ന് മുമ്പുള്ള ട്രാഫിക് പിഴകൾ 50% ഇളവോടെ തീർപ്പാക്കാനുള്ള പ്രത്യേക സൗകര്യവും ജനങ്ങൾക്ക് വലിയ ആശ്വാസമായി.
കെട്ടിട നികുതി, ട്രാഫിക് പിഴ എന്നിവയ്ക്ക് പുറമെ റേഷൻ കാർഡ് സേവനങ്ങൾ, നോർക്ക രജിസ്ട്രേഷൻ, പ്രവാസി ക്ഷേമനിധി തുടങ്ങിയ വിവിധ ഓൺലൈൻ അപേക്ഷകളും ക്യാമ്പിൽ സ്വീകരിച്ചു. ഇത്തരം സേവനങ്ങൾക്കായി അക്ഷയ കേന്ദ്രങ്ങളിലോ മറ്റ് ഓഫീസുകളിലോ പോകാതെ തന്നെ സ്വന്തം വാർഡിൽ വെച്ച് സൗജന്യമായി പൂർത്തിയാക്കാൻ സാധിച്ചത് പ്രദേശവാസികൾക്ക് വലിയ ഉപകാരമായി.
ട്രാഫിക് പിഴകളിലെ 50% ഇളവും കെട്ടിട നികുതിയിലെ 5% ഇളവും ഏപ്രിൽ 30-ന് അവസാനിക്കുമെന്ന് കൗൺസിലർ ഷഹാന ഷഫീർ അറിയിച്ചു. അർഹരായ മുഴുവൻ ആളുകളും ഈ സമയപരിധിക്കുള്ളിൽ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അവർ കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നേരിട്ട് എത്തിക്കുന്നതിനായി വാർഡിൽ പ്രത്യേക അവസരങ്ങളിൽ ‘ഡിജിറ്റൽ ഹെൽപ്പ് ഹബ്ബ്’ ക്യാമ്പുകൾ തുടരുമെന്നും സംഘാടകർ അറിയിച്ചു.