എ.ആർ നഗർ: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ സർഗ്ഗവൈഭവം വിളിച്ചോതുന്ന 'മൊഴിക്കിലുക്കം' മാഗസിൻ പുറത്തിറങ്ങി. സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ. ജിനേഷ് മാഗസിൻ പ്രകാശനം ചെയ്തു.
മാഗസിനോടൊപ്പം കുരുന്നുകൾ തന്നെ തയ്യാറാക്കിയ 'കുഞ്ഞുമിത്രം', 'ചിറകുകൾ' എന്നീ രണ്ട് കുട്ടിപ്പത്രങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു.
ഒന്നാം ക്ലാസ്സിലെ പഠനകാലയളവിൽ കുട്ടികൾ സ്വയം തയ്യാറാക്കിയ വിവിധ സർഗ്ഗാത്മക രചനകളുടെ ശേഖരമാണ് 'മൊഴിക്കിലുക്കം'.
അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവെച്ചു തുടങ്ങിയ കുട്ടികളുടെ കുറിപ്പുകളും ചിത്രങ്ങളും ഭാവനകളും കോർത്തിണക്കിയാണ് ഈ മാഗസിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒന്നാം ക്ലാസ് പഠനം പൂർത്തിയാക്കുമ്പോൾ ഓരോ കുട്ടിയുടെയും കയ്യിൽ അവരുടെ തന്നെ സർഗ്ഗശേഷിയുടെ അഭിമാന രേഖയായി ഈ മാഗസിൻ ഉണ്ടാകുമെന്നത് പദ്ധതിയുടെ പ്രത്യേകതയാണ്.
വിദ്യാർത്ഥികളുടെ ഭാഷാപരമായ വളർച്ചയ്ക്കും ക്രിയാത്മകമായ ചിന്തകൾക്കും കരുത്തുപകരുന്ന ഈ പ്രവർത്തനത്തിന് അധ്യാപകരായ പി. ഷഹന, കെ. രജിത എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പങ്കെടുത്തു.